കാലിക്കറ്റ് വിസിയും യോഗ്യതാ വിവാദത്തില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറും യോഗ്യതാ വിവാദത്തില്‍. മതിയായ യോഗ്യത ഇല്ലെന്ന കാരണത്താല്‍ എം ജി സര്‍വകലാശാലയിലെ വിസി ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണു കാലിക്കറ്റ് വിസിക്കെതിരേയും ആരോപണമുയരുന്നത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് വിസിയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) ഗവര്‍ണറെ സമീപിച്ചു. വിസി നിയമനത്തിന് സര്‍വകലാശാലയിലോ, ഏതെങ്കിലും ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളിലോ 10 വര്‍ഷത്തെ പ്രഫസര്‍ഷിപ്പാണ് യോഗ്യതയായി യുജിസി നിഷ്‌കര്‍ഷിക്കുന്നത്. ഈ യോഗ്യത വിസിക്ക് ഇല്ലെന്നാണ് ഇടത് അധ്യാപക സംഘടനകളുടെ വാദം. വിസി തിരഞ്ഞെടുപ്പു സമിതിയില്‍ സര്‍വകലാശാലയുമായോ, അതിനു കീഴിലെ കോളജുകളുമായോ ബന്ധമുള്ളവര്‍ ഉള്‍പ്പെടരുതെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കാലിക്കറ്റ് വിസി നിയമന സമിതിയില്‍ ഫാറൂഖ് കോളജിലെ ലീഗ് നേതാവും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഡോ. കെ മുഹമ്മദ് ബഷീര്‍ അരീക്കോട് സുല്ലമുസ്സലാം കോളജില്‍ എട്ടു വര്‍ഷം പ്രിന്‍സിപ്പലായും കേരള സര്‍വകലാശാലയില്‍ 29 മാസം റജിസ്ട്രാറായും സേവനം ചെയ്തിട്ടുണ്ടെന്നും ഇത് രണ്ടും പ്രഫസര്‍ പദവിക്കു തുല്യമാണെന്നും ഇതിനാലാണു വിസിസ്ഥാനത്തേക്ക് പരിഗണിച്ചതെന്നുമാണു വിസിയെ അനുകൂലിക്കുന്നവരുടെ വാദം.
2015ല്‍ വിസി സ്ഥാനത്തേക്കു വിജ്ഞാപനമിറക്കിയപ്പോള്‍ 100ലധികം പേര്‍ അപേക്ഷ നല്‍കിയിരുന്നു. കേരള സര്‍വകലാശാലയില്‍ റജിസ്ട്രാറായിരിക്കെ ഡോ. കെ മുഹമ്മദ് ബഷീറിനെ യുഡിഎഫ് സിന്‍ഡിക്കേറ്റിന്റെ കാലത്ത് വിസിയായി നിയമിച്ചു. ഇപ്പോള്‍ രണ്ടേകാല്‍ വര്‍ഷമായി വിസിയായി തുടരുകയാണ്.
Next Story

RELATED STORIES

Share it