കാലിക്കറ്റ് വാഴ്‌സിറ്റി ഇന്റര്‍ സോണ്‍ കലോല്‍സവത്തിന് ഇന്നു തുടക്കം

തേഞ്ഞിപ്പലം: കോളജ് തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോല്‍സവമായ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോല്‍സവം ഇന്നു മുതല്‍ സര്‍വകലാശാല കാംപസില്‍ നടക്കും.
ഇന്നും നാളെയുമാണ് സ്റ്റേജിതര മല്‍സരങ്ങള്‍. കഥ, കവിത, ഉപന്യാസം, ക്ലേ മോഡലിങ്, പ്രസംഗം തുടങ്ങിയവയാണ് സ്റ്റേജിതര മല്‍സരങ്ങളില്‍ പ്രധാനം. ആകെയുള്ള 108 ഇനങ്ങളില്‍ 44 ഇനങ്ങളാണ് സ്റ്റേജിതര മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാംപസിലെ നാലു വേദികളിലായി 29, 30, മെയ് ഒന്ന് തിയ്യതികളില്‍ സ്‌റ്റേജ് മല്‍സരങ്ങള്‍ നടക്കും. സോണല്‍ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ഇന്റര്‍സോണ്‍ വേദികളില്‍ മാറ്റുരയ്ക്കുന്നത്. സര്‍വകലാശാലയ്ക്കു കീഴിലെ നൂറിലധികം കോളജുകളില്‍ നിന്നുള്ള ആയിരത്തിലധികം മല്‍സരാര്‍ഥികളാണ് ഇന്റര്‍സോണ്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.
കലോല്‍സവ നടത്തിപ്പിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. എംഎസ്എഫ്-കെഎസ്‌യു മുന്നണി സഖ്യത്തിലുള്ള സര്‍വകലാശാല യൂനിയനു കീഴിലാണ് നടത്തിപ്പ്. അവധിക്കാലമായതിനാല്‍ കോളജുകളില്‍ നിന്നു കാണികളായി എത്തുന്ന വിദ്യാര്‍ഥികള്‍ കുറവായിരിക്കും. കഴിഞ്ഞ തവണ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പൊതുജനങ്ങളായിരുന്നു സദസ്സില്‍ ഭൂരിഭാഗവും.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ തുടങ്ങിയ അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് കലോല്‍സവത്തിനെത്തുക.
Next Story

RELATED STORIES

Share it