കാലിക്കറ്റ് വാഴ്‌സിറ്റി സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തു

തേഞ്ഞിപ്പലം: അഞ്ചരകോടി രൂപ ചെലവില്‍ രണ്ട് വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിച്ച കാലിക്കറ്റ് വാഴ്‌സിറ്റിയിലെ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് ഇന്നലെ കായികലോകത്തിന് സമര്‍പ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. മുഹമ്മദലി സ്വാഗതം പറഞ്ഞു. പിവിസി ഡോ. പി മോഹന്‍ അധ്യക്ഷനായിരുന്നു. ഡോ. സക്കീര്‍ ഹുസൈന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
സുവര്‍ണ ജൂബിലി പൂര്‍ത്തീകരണ വേളയില്‍ സര്‍വകലാശാലാ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് കൂടുതല്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്ന് വിസി പറഞ്ഞു. ഒ എം നമ്പ്യാര്‍, സി പി എം ഉസ്മാന്‍കോയ, ഒളിമ്പ്യന്‍ രാമചന്ദ്രന്‍, അഞ്ജു ബോബി ജോര്‍ജ് ആശംസകളര്‍പ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍നിന്നുള്ള തുടക്കമാണ് അന്തര്‍ദേശീയ തലത്തില്‍ തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പെരുമാറ്റ ചട്ട ലംഘനമാണെന്നു കാണിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിപ്രകാരം രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ സര്‍വകലാശാലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വള്ളിക്കുന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനും ഇതനുസരിച്ചുള്ള നിര്‍ദേശം നല്‍കിയതനുസരിച്ച് രാഷ്ട്രീയ നേതാക്കളും സിന്‍ഡിക്കേറ്റംഗങ്ങളും പരിപാടിയില്‍നിന്ന് വിട്ടുനിന്നു.
വാഴ്‌സിറ്റി ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് സാംസ്‌കാരിക ഘോഷയാത്രയായാണ് സ്‌റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിന് എല്ലാവരും എത്തിയത്. സിന്തറ്റിക് ട്രാക്കിനു ചുറ്റും മുഴുവനാളുകളും കൈകോര്‍ത്തു പിടിച്ച് ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയായിരുന്നു ജനകീയ രീതിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ അഞ്ചാമത്തേതും മലബാറിലെ രണ്ടാമത്തേതുമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്തറ്റിക് ട്രാക്ക്.
Next Story

RELATED STORIES

Share it