കാലിക്കറ്റ് വാഴ്‌സിറ്റി കാംപസിന് ചുറ്റുമതില്‍; കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ പെണ്‍കുട്ടികള്‍ക്കു നേരെ സാമൂഹികവിരുദ്ധര്‍ അതിക്രമങ്ങള്‍ തടയന്നതിനുള്ള കമ്മീഷന്‍ നിര്‍ദേശങ്ങല്‍ ഫയലില്‍ ഉറങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടായപ്പോള്‍ ഹൈക്കോടതി നിയോഗിച്ച സീമന്തിനി കമ്മീഷന്‍ റിപോര്‍ട്ടില്‍ കാംപസിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബജറ്റില്‍ കോടികള്‍ വകയിരുത്തിയിട്ടും ഇതുവരെ സര്‍വകലാശാല ഭരിച്ചവര്‍ ഇതു നടക്കിയിട്ടില്ല. വാഴ്‌സിറ്റിയിലെ ഭൂമി കൈയേറ്റങ്ങളാണ് ചുറ്റുമതില്‍ നിര്‍മാണത്തിണ് തടസ്സം.
മുന്‍ വിസിയുടെ കാലത്ത് ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയെങ്കിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ വാഴ്‌സിറ്റി ഭൂമി കൈയേറിയതിനാല്‍ ഇതു നിലച്ചുപോവുകയായിരുന്നു. കൈയേറ്റക്കാരില്‍ നിന്ന് വാഴ്‌സിറ്റി ഭൂമി തിരിച്ചുപിടിച്ച് കാംപസിലെ ആയിരത്തിലധികം വരുന്ന പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് സര്‍വകലാശാല അധികൃതര്‍ക്ക് താല്‍പര്യമില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്കോ പോലിസിനോ കാംപസില്‍ പരിപൂര്‍ണ സമാധാനം നടപ്പാക്കാന്‍ കഴിയാത്തതിന്റെ കാരണവും ചുറ്റുമതിലില്ലാത്തതാണ്.
പെണ്‍കുട്ടികള്‍ക്ക് രാത്രി ഏഴ് കഴിഞ്ഞാല്‍ കാംപസില്‍ നിന്ന് ലേഡീസ് ഹോസ്റ്റലിലേക്ക് നടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണ്. ലൈഫ് സയന്‍സ് ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നു ലേഡീസ് ഹോസ്റ്റലിലേക്കുള്ള ദൂരം ഏതാണ്ട് ഒരു കിലോമീറ്ററാണ്. കൂടാതെ കാംപസില്‍ രാത്രി കാലങ്ങളില്‍ മദ്യപര്‍ തമ്പടിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്ക് മതിയായ ആയുധങ്ങളോ വാഹനമോ സര്‍വകലാശാല നല്‍കാത്തതിനാല്‍ രാത്രി കാംപസില്‍ പരിശോധന നടത്തുന്നതിനും ഇവര്‍ക്കു കഴിയില്ല. ഒലിപ്രംകടവ്, കടക്കാട്ടുപാറ റോഡുകള്‍ കാംപസിനുള്ളിലൂടെ കടന്നുപോവുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് രാത്രി സമയങ്ങളില്‍ കാംപസിലെത്തുക എളുപ്പമാണ്. ലേഡീസ് ഹോസ്റ്റലിന് സമീപത്തുകൂടെയാണ് ചെട്ട്യാര്‍മാട് നിന്ന് ഒലിപ്രം കടവിലേക്ക് റോഡ് കടന്നുപോവുന്നത്. ഇതുവഴിയാണ് ലേഡീസ് ഹോസ്റ്റല്‍ കോമ്പൗണ്ടിലേക്ക് മുന്‍കാലങ്ങളില്‍ അക്രമികള്‍ പ്രവേശിച്ചിരുന്നത്. കാംപസില്‍ അച്ചടക്കവും സമാധാനവും കൈവരിക്കുന്നതിന് ചുറ്റുമതില്‍ നിര്‍മാണം മാത്രമേ പരിഹാരമുള്ളൂവെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it