kozhikode local

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്യൂണ്‍-വാച്ച്മാന്‍ നിയമനം: അട്ടിമറിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍-വാച്ച്മാന്‍ നിയമനം അട്ടിമറിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പിസമാണെന്നതിന് തെളിവുകള്‍. പ്യൂണ്‍-വാച്ച്മാന്‍ തസ്തികയില്‍ 58ാം റാങ്കുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഴ്‌സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചതിനു പിറകെയാണ് ഹൈക്കോടതി രണ്ടു കേസുകളിലായി നിയമനം സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതിയെ സമീപിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ പി ഷൈനേഷ് കുമാറിന് വാഴ്‌സിറ്റിയിലെ ഐ ഗ്രൂപ്പ് സിന്‍ഡിക്കേറ്റംഗം ഇന്റര്‍വ്യൂക്ക് അഞ്ചു മാര്‍ക്ക് മാത്രം നല്‍കിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റാങ്ക്‌ലിസ്റ്റില്‍ നിയമനം ലഭിക്കാതെ പിറകോട്ടുപോയി.
എന്നാല്‍ വയനാട് പാര്‍ലമെന്റംഗം എം ഐ ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എന്നിവരെ ഐ ഗ്രൂപ്പ് സിന്‍ഡിക്കേറ്റംഗം ഫോണില്‍ വിളിച്ച് ഷൈനേഷ് കുമാറിന് ഇന്റര്‍വ്യൂക്ക് പരമാവധി മാര്‍ക്ക് നല്‍കിയെന്ന് പറഞ്ഞ് കബളിപ്പിച്ചതോടെയാണ് വയനാട് എംപി ഐ ഗ്രൂപ്പ് സിന്‍ഡിക്കേറ്റംഗത്തിനെതിരേ തിരിഞ്ഞത്.
സിന്‍ഡിക്കേറ്റംഗം വളരെ മോശമായി തരംതാഴ്ന്ന രീതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും എം ഐ ഷാനവാസിന്റെ വലംകൈയ്യുമായ ഷൈനേഷിനോട് പെരുമാറിയതായാണ് ആരോപണം.
തുടര്‍ന്ന് എംപി ഇടപെട്ടാണ് ഹൈക്കോടതിയില്‍ പ്യൂണ്‍ വാച്ച്മാന്‍ നിയമനത്തിനെതിരേ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ 2008ല്‍ വാഴ്‌സിറ്റി നിയമനങ്ങള്‍ പിഎസ്‌സിക്കു കൈമാറിയതായ സര്‍ക്കാര്‍ തീരുമാനത്തെതുടര്‍ന്ന് 2011ല്‍ സര്‍ക്കാരില്‍ നിന്നു അനുമതി വാങ്ങിയായിരുന്നു പ്യൂണ്‍-വാച്ച്മാന്‍ നിയമന നടപടികള്‍ സര്‍വകലാശാല തുടങ്ങിയത്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ സെക്രട്ടറിയായ ടോം ജോസായിരുന്നു ഉത്തരവിറക്കിയിരുന്നത്.
പിന്നീടായിരുന്നു 2013ല്‍ എല്‍ബിഎസ് വീണ്ടും പരീക്ഷ നടത്തിയത്. ഈ കാരണത്താല്‍ നിയമനം പിഎസ്‌സിക്കു കൈമാറണമെന്ന കെ സി സജീവിന്റെ ഹരജിയില്‍ കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേ ഇന്ന് കോടതിയില്‍ ഉദ്യോഗാര്‍ഥികള്‍ ഹരജി ഫയല്‍ ചെയ്യുന്നുണ്ട്. 92 പേര്‍ക്ക് നിയമനോത്തരവ് അയച്ചതിനു ശേഷം കെഎസ്ആര്‍ടിസിയില്‍ ഉള്‍പ്പെടെ ജോലി ഉള്ളവര്‍ ജോലി രാജിവെച്ചിരുന്നു. വിധവകളും കൂലിപ്പണിക്കാരുമായ ഉദ്യോഗാര്‍ഥികളാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തളര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കും വാഴ്‌സിറ്റിയിലെ ഇവരുടെ സര്‍വീസ് സംഘടനയ്ക്കും ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചാണ് നിയമന നടപടികള്‍ തടസ്സപ്പെടുത്തുന്നത്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ സീല്‍ ചെയ്തുവച്ചതിനാല്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് ഇന്റര്‍വ്യൂക്ക് മാര്‍ക്ക് കുറച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ് തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it