കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. മികച്ച ഒന്നാംപേജ് ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് തേജസ് ദിനപത്രത്തിലെ അബ്ദുല്‍ ജലീല്‍ വടക്കാത്രയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
ജനറല്‍ റിപോര്‍ട്ടിങിനുള്ള കെ സി മാധവക്കുറുപ്പ് അവാര്‍ഡ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് റിപോര്‍ട്ടര്‍ ബിജു പരവത്തിനും ടെലിവിഷന്‍ ന്യൂസ് സ്റ്റോറിക്കുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മനോരമ ന്യൂസ് കോഴിക്കോട് റിപോര്‍ട്ടര്‍ നിഖില്‍ ഡേവിസിനും കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന മുഷ്താഖ് സ്‌പോര്‍ട്‌സ് അവാര്‍ഡ് മലയാള മനോരമ മലപ്പുറം യൂനിറ്റിലെ റിപോര്‍ട്ടര്‍ ജോമിച്ചന്‍ ജോസിനും സ്‌പോര്‍ട്‌സ് വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡ് മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു.പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.
കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഖജാഞ്ചി പിയൂഷ്‌ലാല്‍, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി സോഫിയാ ബിന്ദ്, വൈസ് പ്രസിഡന്റ് ഇ പി മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it