kozhikode local

കാലിക്കറ്റില്‍ സ്വാശ്രയ വിദ്യാര്‍ഥികളുടെ വോട്ടവകാശം അട്ടിമറിക്കാന്‍ നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വാശ്രയ വിദ്യാര്‍ഥികളുടെ വോട്ടവകാശം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു. മുന്‍ വിസി ഡോ. അബ്ദുസലാമിന്റെ കാലത്തായിരുന്നു മുഴുവന്‍ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല കാംപസിലെ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്‍സ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കിക്കൊണ്ട് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നത്.
എന്നാല്‍ ഇതുവരെ ഇതനുസരിച്ചുള്ള ഉത്തരവിറക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ല. കാംപസിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെങ്കിലും ഇത് അട്ടിമറിക്കുന്നതിനനുസരിച്ചുള്ള രീതിയിലാണ് സ്റ്റുഡന്‍സ് ഡീന്‍ ഫയല്‍ എഴുതി രജിസ്ട്രാര്‍ക്കും വിസിക്കും നല്‍കിയിരിക്കുന്നത്.
കാംപസിലെ പുതുതായി നിലവില്‍ വന്ന മൂന്ന് പഠന വിഭാഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കാന്‍ ഡീന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷത്തോളമായി കാംപസില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ട്. ഇപ്പോള്‍ നാക്ക് സന്ദര്‍ശനം പ്രമാണിച്ചാണ് വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പ് നടത്താത്തതിന്റെ എതിര്‍പ്പ് കുറക്കുന്നതിന് അധികാരികള്‍ ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു യോഗം തീരുമാനിച്ചിരുന്നതെങ്കിലും യോഗം ഇന്നലെ വരെ നടന്നിട്ടില്ല. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ കാംപസ് കൈവിട്ടു പോകുമെന്നുള്ള ഒരു വിദ്യാര്‍ഥി സംഘടനയുടെ ഭയമാണ് വോട്ടവകാശം അട്ടിമറിക്കുന്നതിനുള്ള നീക്കം നടത്താനുള്ള കാരണം.
വിദ്യാര്‍ഥികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കാവശ്യമായ യൂനിയന്‍ കാംപസില്‍ ഇല്ലെന്നറിഞ്ഞാല്‍ നാക് അംഗീകാരത്തിന് ഇതു തടസമായി നില്‍ക്കുമെന്നാണ് അധികാരികളുടെ കണ്ടെത്തല്‍. കാംപസില്‍ മാസങ്ങളോളം നിലനിന്നിരുന്ന ഹോസ്റ്റല്‍ സമരങ്ങളും സംഘര്‍ഷങ്ങളും കാരണമായിരുന്നു തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയതിനു കാരണം. സോണല്‍ കലോല്‍സവങ്ങള്‍, വാഴ്‌സിറ്റിയിലെ വിവിധ സമിതികള്‍ എന്നിവയില്‍ സര്‍വകലാശാല കാംപസിന് വിദ്യാര്‍ഥി യൂനിയന്റെ അഭാവം കാരണം പ്രാതിനിധ്യം ഇല്ലാതെ പോവുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ പരാതിയനുസരിച്ചുള്ള സമിതിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കൂടാതെ തൃശൂര്‍ അരനാട്ടുകര ഓഫ് കാംപസിലെ വിദ്യാര്‍ഥികള്‍ക്ക് അതേ കാംപസില്‍ നിന്നുള്ളവരെ യൂനിയന്‍ പ്രതിനിധികളായി തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരവും ഇതുവരെ നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it