malappuram local

കാലിക്കറ്റില്‍ 'ശാസ്ത്രയാന്‍' പ്രദര്‍ശനം ഇന്നു മുതല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ എല്ലാ പഠനവകുപ്പുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന മൂന്നു ദിവസത്തെ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന് സര്‍വകലാശാലാ കാംപസില്‍ ഇന്ന് തുടക്കമാവും. രാവിലെ പത്തുമുതല്‍ നാലുവരെയാണ് പ്രദര്‍ശനം. സയന്‍സ് ബ്ലോക്കിലെ ആര്യഭട്ട ഹാളില്‍ രാവിലെ 10ന് വിസി ഡോ.കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കാംപസില്‍ നടക്കുന്ന പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും കോഴ്‌സുകള്‍ പരിചയപ്പെടാനുമുള്ള അസുലഭ അവസരമാണ് പൊതുജനങ്ങള്‍ക്ക് മൂന്നുദിവസം ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കൃത്രിമ ശ്വസനസഹായികള്‍ ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുതകുന്ന എയ്ഞ്ചല്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ സ്റ്റാള്‍ തുടങ്ങിയവ ആകര്‍ഷണീയതയാണ്. ബോട്ടണി പഠനവകുപ്പില്‍ ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ടിഷ്യൂകള്‍ച്ചര്‍ തുടങ്ങിയവ പരിചയപ്പെടാം. സുവോളജി പഠനവകുപ്പിലെ ശലഭമ്യൂസിയവും തുറക്കും. കാഴ്ചയില്ലാത്തവര്‍ക്ക് ചെടികളും ഫലങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള സംവിധാനമുള്ള ടച്ച് ആന്റ് ഫീല്‍ ഗാഡന്‍, വാനനിരീക്ഷണ കേന്ദ്രം, കായിക പഠനവകുപ്പിന്റെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസ്സിലാക്കാം. മാധ്യമ പ്രവര്‍ത്തന രംഗത്ത് സംഭവിച്ച പരിണാമങ്ങള്‍ മനസ്സിലാക്കാനുതകുന്ന കാമറകളും റെക്കോര്‍ഡിങ് ഉപകരണങ്ങളും മറ്റും ജേണലിസം പഠനവകുപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ചരിത്രം ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചരിത്രകുതുകികള്‍ക്ക് കൗതുകമാവും. മാത്തമാറ്റിക്‌സ് പഠനവകുപ്പില്‍ പോസ്റ്റര്‍ പ്രദര്‍ശനവും ഗണിതം സുഗമമാക്കുന്ന ലളിതമായ പ്രഭാഷണങ്ങളും ഉണ്ടാവും. അറബി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പവലിയന്‍ ഒരുക്കും. മധ്യകാലഘട്ടത്തിലെ അറബ് നാഗരികതയുടെ പുരോഗതികള്‍ അടയാളപ്പെടുത്തിയ ഗണിതം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ആരോഗ്യശാസ്ത്രം, പ്രകാശ ശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും കേരളത്തിലെ 17ാം നൂറ്റാണ്ട് മുതലുള്ള അറബി രചനകളുടെ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനവുമുണ്ടാവും. അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമകളുടെ പ്രദര്‍ശനം, ഡിപ്പാര്‍ട്ടുമെന്റ് വിദ്യാര്‍ഥികളുടെ അറബ് നാടക അവതരണം എന്നിവയുണ്ടാവും.
സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉപരിപഠന-കരിയര്‍ മാര്‍ഗനിര്‍ദേശ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഫോക്‌ലോര്‍ പഠന വകുപ്പിലെ പ്രദര്‍ശനവസ്തുക്കളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it