കാലാവസ്ഥ അനുകൂലം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതും കടല്‍ ശാന്തമായതോടെയും രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസം പകരുന്നു. അന്തരീക്ഷം അനുകൂലമായതും കാഴ്ച സുഗമമായതും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയാണ്. ഇന്നലെ രാവിലെയോടെ നാവികസേനയുടെ ഹെലിക്കോപ്ടറില്‍ നാലുപേരെ രക്ഷപ്പെടുത്തി. അടിമലത്തുറ സ്വദേശികളായ മരിയാദാസ്, ശെല്‍വകുരിശ്, വിഴിഞ്ഞം സ്വദേശി കൃസ്തുദാസ്, കൊല്ലങ്കോട് സ്വദേശി അന്തോണി അടിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തമിഴ്‌നാട്ടില്‍ നിന്നുള്ള 13 മല്‍്യത്തൊഴിലാളികളെ കൊല്ലം തീരത്ത് നാവികസേന എത്തിച്ചു. ആലപ്പുഴയില്‍ നിന്ന് പോയ 5പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് ബേപ്പൂരിലെത്തിച്ചു. സിബിച്ചന്‍, ജോസഫ്, ഷാജി തുടങ്ങിയവരെയാണ് എത്തിച്ചത്. ചാവക്കാടില്‍ നിന്ന് 300 നോട്ടിക്കല്‍മൈല്‍ ദൂരത്തുനിന്നാണ് ഇവരെ കണ്ടെത്തയത്. കൊച്ചിയില്‍ ചെല്ലാനത്ത് 19 പേരെ രക്ഷപ്പെടുത്തി. രണ്ടുബോട്ടുകളാണ് കോസ്റ്റ് ഗാര്‍ഡ് കടലില്‍ കണ്ടെത്തിയത്. 3 പേര്‍ ആസ്സാം സ്വദേശികളും 18 പേര്‍ തേങ്ങാപ്പട്ടം സ്വദേശികളുമാണ്. ഇവര്‍ക്ക് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികില്‍സ നല്‍കി. മുനമ്പത്ത് 11 പേര്‍ നീന്തിയെത്തി. പുന്തുറ സ്വദേശി ചാര്‍ളി ഉള്‍പ്പെടെയുള്ളവരാണ് നീന്തിയെത്തിയത്. 22 മല്‍സ്യത്തൊഴിലാളികളെ കണ്ണൂരിലെത്തിച്ചു. ലക്ഷ്യദ്വീപില്‍ 22 മല്‍സ്യത്തൊഴിലാളികളെ ബോട്ടുകളുമായി എത്തിച്ചു. ഒരു ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് കടലില്‍പ്പെട്ട 12 ഓളം പേരെ കോസ്റ്റ്ഗാര്‍ഡും രക്ഷിച്ചതായാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
Next Story

RELATED STORIES

Share it