കാലാവസ്ഥാ ഉച്ചകോടി: കരടുരേഖ അവതരിപ്പിച്ചു

പാരിസ്: കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവു വരുത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന കരടുരേഖ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ആഗോളതാപനത്തിലെ വര്‍ധന രണ്ടു ശതമാനത്തില്‍ ഒതുക്കുകയെന്നതാണ് കരടുരേഖയിലൂടെ മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത്. വ്യാവസായിക നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ വിവിധ രാജ്യങ്ങളില്‍ ഏറെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കരടുരേഖ അവതരിപ്പിച്ചത്. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന്റെ ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരടുരേഖയില്‍ ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഫ്രഞ്ച് അധികൃതരാണ് 29 പേജുള്ള കരടുരേഖ തയ്യാറാക്കിയത്. ഇനിയും നിരവധി കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സിഒപി21 ആക്ടിങ് പ്രസിഡന്റും ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായ ലോറന്റ് ഫാബിയസ് പറഞ്ഞു. കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it