കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍: പുനര്‍ വിജ്ഞാപനത്തിനു നീക്കം

തിരുവനന്തപുരം: നിയമസഭയില്‍ വയ്ക്കാന്‍ കഴിയാത്ത മുഴുവന്‍ ഓര്‍ഡിനന്‍സുകളും പുനര്‍ വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ആഗസ്ത് മുതല്‍ ഇറക്കിയ മുഴുവന്‍ ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്ക്കായി അയച്ചു. കഴിഞ്ഞ സഭാസമ്മേളനം അവസാനിച്ച ആഗസ്ത് 24നുശേഷം സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്റ്റ് ഭേദഗതി, പ്രഫഷനല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമം, കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് എന്നിവയാണിത്. ഇതില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ 20ന് കൊണ്ടുവന്ന കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് വിവാദമായിരുന്നു. ചുമട്ടുതൊഴിലാളി നിയമം, പഞ്ചായത്തീരാജ് ആക്റ്റ്, ഭൂഗര്‍ജല നിയമം എന്നിവയില്‍ ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്ന ഭേദഗതിക്കെതിരേയും വിമര്‍ശനമുയര്‍ന്നു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യരുതെന്ന ആവശ്യം ഭരണാനുകൂല സംഘടനായ സിഐടിയു ഉന്നയിക്കുകയും ചെയ്തു. ഒരു ഓര്‍ഡിനന്‍സ് ഇറങ്ങി അടുത്ത നിയമസഭാസമ്മേളനം ചേര്‍ന്ന് ആറാഴ്ച വരെയായിരിക്കും ഓര്‍ഡിനന്‍സിന്റെ കാലാവധി. കഴിഞ്ഞമാസം ഒമ്പതിന് സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് സഭ അവസാനമായി ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ അടുത്ത 21ന് ഓര്‍ഡിനന്‍സുകള്‍ അസാധുവാകും. ഇത് മറികടക്കാനുള്ള നീക്കമെന്ന നിലയിലാണ് ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചത്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണറുടെ പരിഗണനയ്ക്കയച്ച് പുനര്‍വിജ്ഞാപനം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രിംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it