Kollam Local

കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു; പിഎച്ച്‌സിയില്‍ പ്രതിഷേധം

അയത്തില്‍: കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതിനെ തുടര്‍ന്ന് പാലത്തറ പിഎച്ച്‌സിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. വെള്ളിയാഴ്ച അയത്തില്‍ ഐശ്വര്യ നഗര്‍-37, തൊടിയില്‍ പുത്തന്‍വീട്ടില്‍ ദില്‍ഷാദ് മകള്‍ ഹാജിറയെ പനിയെ തുടര്‍ന്ന് പാലത്തറ പിഎച്ച്‌സിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പനിക്കുള്ള മരുന്ന് നല്‍കി. ഇത് വീട്ടിലെത്തിച്ച് കുട്ടി—ക്ക് നല്‍കുന്നതിന് മുമ്പാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ദില്‍ഷാദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാവിലെ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എ കെ ഷരീഫുമായി പിഎച്ച്‌സിയില്‍ എത്തി വിവരം തിരക്കി. ഈ മരുന്ന് കഴിഞ്ഞ വര്‍ഷം പത്താം മാസം വരെ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും ഇത് സ്റ്റോക്കില്ലെന്നും മരുന്ന് വിതരണം ചെയ്തിട്ടില്ലെന്നും ഫാര്‍മസിസ്റ്റ് അറിയിച്ചു. എന്നാല്‍ പ്രതിഷേധം ഉണ്ടായതോടെ പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍, എസ്ഡിപിഐ നേതാക്കളുടെ സാനിധ്യത്തില്‍ സ്റ്റോര്‍ റൂം പരിശോധിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ എട്ട് കുപ്പി മരുന്ന് കൂടി കണ്ടെത്തി. അന്വേഷണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ മരുന്ന് ഇവിടെ നിന്നും വിതരണം ചെയ്തായും വിവരം ലഭിച്ചു. എന്നാല്‍ ആര്‍ക്കാണെന്ന കാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് 30ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. മണിക്കൂറുകള്‍ക്ക് ശേഷം അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തി. വിവരമറഞ്ഞ് കൊട്ടിയം പോലിസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it