Flash News

കാലവര്‍ഷമെത്തി ; 96 ശതമാനം മഴ ലഭിക്കുമെന്നു പ്രതീക്ഷ



തിരുവനന്തപുരം: കടുത്ത വരള്‍ച്ചയ്ക്കും ചൂടിനും വിരാമമിട്ട് കേരളത്തില്‍ കാലവര്‍ഷമെത്തി. കേരളത്തിലും ലക്ഷദ്വീപിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായതായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്ത് എല്ലായിടത്തും മികച്ച മഴ ലഭിച്ചതായി കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മഴയ്‌ക്കൊപ്പം പടിഞ്ഞാറന്‍ കാറ്റും ശക്തമായി വീശുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണു കഴിഞ്ഞ രണ്ടുദിവസമായി ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മാവേലിക്കരയിലാണ്. ഇന്നലെ മാവേലിക്കര- 13 സെമീ, അലപ്പുഴ, ഹരിപ്പാട്, കായംകുളം- 9 സെമീ, വടകര, ചേര്‍ത്തല, കോന്നി- 7 സെമീ വീതം മഴ രേഖപ്പെടുത്തി. ഇതിനിടെ ബംഗാള്‍ കടലില്‍ രൂപപ്പെട്ട മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തിയ സാഹചര്യത്തിലും ജാഗ്രതാനിര്‍ദേശമുണ്ട്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ പടിഞ്ഞാറന്‍കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-55 കിമീ ആവാനിടയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മധ്യകേരളത്തില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെട്ടുവരികയാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ പുലര്‍ച്ചെ വരെ ഭേദപ്പെട്ട മഴ ലഭിച്ചു. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണു നിലവിലുള്ളതെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ മഴക്കാലത്ത് കേരളത്തില്‍ 96 ശതമാനം മഴ കിട്ടുമെന്നാണു പ്രവചനം. കഴിഞ്ഞ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ടായതായിരുന്നു ഇത്തവണത്തെ കൊടും വരള്‍ച്ചയ്ക്കുള്ള കാരണം. കടുത്ത വരള്‍ച്ചയില്‍ ജലക്ഷാമം നേരിടുന്ന തിരുവനന്തപുരത്ത് രണ്ടുദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. വരുന്ന നാലുദിവസം കൂടി  മഴ തുടരും. 29ന് രാത്രിക്കുശേഷം കാലവര്‍ഷം കേരളത്തിലെത്തുമെന്നു നേരത്തെ കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കാലവര്‍ഷം കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it