thrissur local

കാലവര്‍ഷക്കെടുതി; ശക്തമായ മുന്‍കരുതലിന് നിര്‍ദേശം

തൃശൂര്‍: വരുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ക്കെതിരെ ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ വി രതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണുണ്ടാവേണ്ടതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ മലയിടിച്ചില്‍ ഉണ്ടാകാനിടയുളള കുതിരാന്‍, ആതിരപ്പിളളി എന്നിവിടങ്ങളില്‍ റോഡുകളുടെ അരിക് വല കെട്ടി സംരക്ഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യുന്നതിന് തൃശൂര്‍ സബ് കലക്ടറും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണം. അപകടം ഉണ്ടാകാനിടയുളള വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നടപടിയെടുക്കണം. കടല്‍ക്ഷോഭം സംബന്ധിച്ച് യഥാസമയം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടും തീരദേശപൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും രോഗബാധിതര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ട നടപടി കൈക്കൊളളാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആവശ്യമായ മരുന്നുകള്‍ സംഭരിക്കുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കണം.
കൂടാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍ ക്യാമ്പ് ചെയ്ത സ്ഥലങ്ങള്‍ പ്രതേ്യകം നിരീക്ഷിച്ച് അവര്‍ക്കിടയില്‍ അസുഖങ്ങളും പകര്‍ച്ച വ്യാധികളും പടരുന്നത് തടയുന്നതിന് വേണ്ടി നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കണം. കുടിവെളള സ്രോതസ്സുകള്‍ ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജല അതോറിറ്റിക്കും ആരോഗ്യ വകുപ്പിനുമാണ്.
പ്രാദേശിക തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നു പ്രതേ്യകം തുക നീക്കിവെയ്ക്കണം. ഗ്രാപപഞ്ചായത്തുകള്‍ 5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ 10 ലക്ഷവും കോര്‍പ്പറേഷന്‍ 20 ലക്ഷം രൂപയുമാണ് ഇതിനായി നീക്കി വെയ്‌ക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ നിക്ഷേപിക്കുന്നത് തടയുന്നതിനും മാലിന്യം യഥാസമയം നീക്കം ചെയ്യുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ദുരന്തനിവാരണത്തിനായി ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതത് സമയങ്ങളിലുണ്ടാകുന്ന നാശനഷ്ടത്തിന്റെ വിവരം അതത് സമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റുമില്‍ അറിയിക്കണം. ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രതേ്യക കണ്‍ട്രോള്‍ റൂമുകള്‍ ഇതിനകം തുറന്നതായും കലക്ടര്‍ അറിയിച്ചു. 1077 (ബി.എസ്.എന്‍.എല്‍. ടോള്‍ഫ്രീ നമ്പര്‍), 04872361590, 2362424 എന്നിവയാണ് ജില്ലാതല കണ്‍ട്രോള്‍ റൂമിലെ നമ്പര്‍. താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ :-തൃശൂര്‍ - 0487 2331443, തലപ്പിള്ളി - 04884 232226, മുകുന്ദപുരം - 0480 2825259, കൊടുങ്ങല്ലൂര്‍ - 0480 2802336, ചാവക്കാട് - 0487 2507350, ചാലക്കുടി - 0480 2705800.
Next Story

RELATED STORIES

Share it