kozhikode local

കാലവര്‍ഷക്കെടുതി തുടരുന്നു

കോഴിക്കോട്: നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം പാതി തകര്‍ന്നു വീണു. ബീച്ച് റോഡിന് സമീപമുള്ള മഠത്തില്‍ പാണ്ടികശാല പറമ്പിലെ ഓട് മേഞ്ഞ ഇരു നിലക്കെട്ടിടമാണ് തകര്‍ന്നത്. പഴയ നാലുകെട്ട് മാതൃകയില്‍ ഒന്നാം നില മരത്തിന്റെ പാക്കുകൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്റെ പൊളിഞ്ഞ് വീണ ഭാഗത്ത് ഭാഗ്യത്തിന് ആള്‍ത്താമസം ഇല്ലായിരുന്നു. എന്നാല്‍ ഇതേ കെട്ടിടത്തിന്റെ വീഴാതെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നാല് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ഇതിന് പുറമെ നിത്യേന നൂറുകണക്കിന് ആളുകള്‍ കയറിയിറങ്ങുന്ന റേഷന്‍ കടയും പ്രവര്‍ത്തിക്കുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കവും ഉടമയുടെ പരിചരണക്കുറവുമാണ് തകര്‍ച്ചക്ക് കാരണം. മൂടാടി പൊക്കിണാരി ഹൗസില്‍ പി കെ ഹാഷിമിന്റെയും കുടുംബത്തിന്റെയും കൂട്ട് സ്വത്താണ് ഇത്്. അറുപത് വര്‍ഷത്തിലേറെയായി ഈ കെട്ടിടത്തില്‍വാടകക്ക് താമസിക്കുന്നവരുണ്ട്. കെട്ടിടം തകര്‍ച്ചയിലാണെന്ന്് വാടകക്കാര്‍ പലതവണ അറിയിച്ചിട്ടും അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിക്കാന്‍ ഉടമ തയ്യാറായില്ലെന്ന്് ഇവിടുത്തെ വാടകക്കാരനായ ദാസന്‍ പറഞ്ഞു.
നിത്യച്ചെലവിന് കൂലിവേല ചെയ്ത് ജീവിക്കുന്ന തങ്ങള്‍ക്ക്് ന്യായമായ പുനരധിവാസം നല്‍കിയാല്‍  ഒഴിഞ്ഞ് പോവാന്‍ തയ്യാറാണ്. എന്നാല്‍ അറ്റകുറ്റപ്പണി ചെയ്യാതെ ആള്‍ത്താമസമില്ലാത്ത ഭാഗങ്ങള്‍ ഓട് പൊട്ടി വെള്ളം ചോര്‍ന്നും മറ്റും ദ്രവിച്ചത് അറിഞ്ഞിട്ടും ഉടമ അലംഭാവം തുടരുകയായിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയില്‍ ഭയപ്പെട്ട് താമസിക്കുന്നവര്‍ എങ്ങോട്ടെങ്കിലും ഒഴിഞ്ഞ് പോവട്ടെയെന്ന നിലപാടാണ് ഉടമ പിന്തുടര്‍ന്നത്. തനിക്ക് വാടകക്കാരുടെ സുരക്ഷയില്‍ ഒരു ഉത്തരവാദി—ത്വവും ഇല്ലെന്ന് ഇദ്ദേഹം പലതവണ തങ്ങളോട് പറഞ്ഞുവെന്ന് ദാസന്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി മുതല്‍ വാടകയും ഉടമ വാങ്ങാറില്ല. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 60 സെന്റ് സ്ഥലത്താണ് കെട്ടിടം നിലകൊള്ളുന്നത്. സമീപത്തെ പ്ലോട്ടില്‍ വലിയ ആധുനിക ഫഌറ്റ് സമുച്ചയമാണ്. ഇതുപോലുള്ള ആവശ്യങ്ങള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാനാവും. എന്നാല്‍ മാസ വാടക 10 രൂപയില്‍ തുടങ്ങി ദശകങ്ങളായി ഇവിടെ താമസിക്കുന്നവരാണ് ഇവിടുത്തെ വാടകക്കാര്‍. ഇപ്പോള്‍ മാസ വാടക ആറുനൂറു രൂപയാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം നേരത്തെ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കാലങ്ങളായി അവിടെ താമസിച്ചിരുന്ന ഏതാനും കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയിരുന്നു. എന്നാല്‍ എവിടെക്കും പോവാനില്ലാത്ത കുടുംബങ്ങളാണ് നിലവില്‍ താമസിക്കുന്നത്. ഇവര്‍ക്ക് മാനുഷിക പരിഗണനയില്‍ ന്യായമായ പുനരധിവാസം നല്‍കി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്നാണ് പരിസരവാസികളുടെയും ആവശ്യം. കുലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന പാവങ്ങളാണ് വാടകക്കാരെന്നും അവര്‍ക്ക്്് ന്യായമായ വിഹിതം നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും പ്രദേശത്തുകാരുടെ വാട്ട്‌സ്അപ് കൂട്ടായ്മയായ തെക്കെപ്പുറം ശബ്ദത്തിന്റെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it