കാലവര്‍ഷക്കെടുതി തിട്ടപ്പെടുത്തല്‍; അധികാരം ഓവര്‍സിയര്‍മാര്‍ക്ക്: ഉത്തരവ് വിവാദത്തില്‍

സാദിഖ് ഉളിയില്‍
ഇരിട്ടി (കണ്ണൂര്‍): കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാവുന്ന നാശനഷ്ടം തിട്ടപ്പെടുത്താനുള്ള അധികാരം റവന്യൂ വകുപ്പില്‍നിന്ന് എടുത്തുമാറ്റി തദ്ദേശഭരണ വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് വിവാദമാവുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവാണ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാക്കിയത്. നേരത്തേ കാലവര്‍ഷത്തില്‍ വീടുകളും കെടിടങ്ങളും തകര്‍ന്നാല്‍ പൊതുജനങ്ങള്‍ വില്ലേജുകളില്‍ പരാതി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, പുതിയ ഉത്തരവുപ്രകാരം പരാതി നല്‍കേണ്ടത് പഞ്ചായത്ത് ഓഫിസുകളിലാണ്. പഞ്ചായത്തുകളിലെ ഓവര്‍സിയര്‍ തസ്തികയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ സംഭവസ്ഥലത്തെത്തി നഷ്ടം കണക്കാക്കി തുടര്‍നടപടിക്കായി റവന്യൂ വകുപ്പിനു സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു ഓവര്‍സിയര്‍ തസ്തിക മാത്രമാണുള്ളത്. ഇപ്പോള്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ് അവര്‍. ഇതിനിടയില്‍ മറ്റൊരു പണികൂടി ഏല്‍ക്കേണ്ടിവരുന്നത് ഏറെ പ്രയാസം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കാലാകാലമായി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായാല്‍ നേരെ വില്ലേജ് അധികൃതരെ സമീപിക്കുകയാണു പതിവ്.
ഒരു പഞ്ചായത്തില്‍ തന്നെ ഒന്നിലധികം റവന്യൂ വില്ലേജുകളും ജീവനക്കാരും ഉള്ളതിനാല്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി നാശം വിലയിരുത്തി നഷ്ടപരിഹാരത്തിനായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയും.
വീടുകളുടെ മേല്‍ക്കൂരയിലും മറ്റും മരം വീണാല്‍ ഉടന്‍ തന്നെ റവന്യൂ അധികൃതര്‍ എത്തുന്നതിനാല്‍ പ്രതിരോധ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പുതിയ തീരുമാനപ്രകാരം നടപടിക്രമങ്ങളില്‍ ഏറെ കാലതാമസം ഉണ്ടാവുമെന്നാണ് ആശങ്ക.
Next Story

RELATED STORIES

Share it