kannur local

കാലവര്‍ഷക്കെടുതി; കെഎസ്ഇബിക്ക് വന്‍ നഷ്ടം

കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത ശക്തമായ കാറ്റിലും മഴയിലും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ വൈദ്യുതി വകുപ്പിന് വന്‍ നഷ്ടം. മൂന്നു ജില്ലകളിലും വ്യാപകമായി തൂണുകളും ലൈനുകളും തകര്‍ന്ന് വൈദ്യുതി വിതരണം താറുമാറായി. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനസ്ഥാപിക്കാനായില്ല.
മരം വീണ് 63 എച്ച്ടി പോസ്റ്റുകളും, 399 എല്‍ടി പോസ്റ്റുകളും തകര്‍ന്നു. 1606 സ്ഥലങ്ങളില്‍ എച്ച്ടി, എല്‍ടി ലൈനുകള്‍ പൊട്ടിവീണു. കാസര്‍കോട്-53 എച്ച്ടി, 331 എല്‍ടി, കണ്ണൂര്‍-44 എച്ച്ടി, 240 എല്‍ടി, ശ്രീകണ്ഠപുരം-23 എച്ച്ടി, 234 എല്‍ടി, കല്‍പറ്റ-5 എച്ച്ടി, 68 എല്‍ടി എന്നിങ്ങനെയാണ് വിവിധ സര്‍ക്കിള്‍ പരിധിയില്‍ തകര്‍ന്ന തൂണുകളുടെ കണക്ക്. 249 ട്രാന്‍സ്‌ഫോമറുകളിലൂടെയുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാസര്‍കോട് സര്‍ക്കിളില്‍ 27595 ഉപഭോക്താക്കളെയും, കണ്ണൂരില്‍ 128362, ശ്രീകണ്ഠപുരത്ത് 24625, കല്‍പറ്റ സര്‍ക്കിളില്‍ 72659 ഉപഭോക്താക്കളെയും വൈദ്യുതിതടസ്സം നേരിട്ട് ബാധിച്ചു. പ്രതികൂല കാലാവസ്ഥയിലും വൈദ്യുതി പുനസ്ഥാപിക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് ജീവനക്കാര്‍. അടിയന്തര സാഹചര്യം തരണം ചെയ്യാന്‍  യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it