Flash News

കാലവര്‍ഷക്കെടുതി: ആവശ്യത്തിന് ജീവനക്കാരില്ലാതെ ഫയര്‍ഫോഴ്‌സ്

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: ഒഴിവുവന്ന തസ്തികയിലേക്ക് പുതിയ നിയമനങ്ങള്‍ നടത്താത്തതും ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തതയും അഗ്നിസുരക്ഷാസേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കാലവര്‍ഷക്കെടുതി രൂക്ഷമായതോടെ സേനയുടെ ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തിലും ഈ പ്രതിസന്ധി തുടരുകയാണ്.
നിലവില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍മാരുടെ (എഫ്ഡിസിപിഒ) കുറവാണ് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാവുന്നത്. സേനയെ ആധുനികവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പുതിയതായി എത്തിക്കുന്ന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരുടെ ഒഴിവ് മുഴച്ചുനില്‍ക്കുന്നു. അപകടസ്ഥലത്ത് ഫയര്‍മാനായി ജോലി ചെയ്യുന്നതിനു പുറമേ ഫയര്‍ എന്‍ജിന്‍ ഓടിക്കാനും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ഉത്തരവാദിത്തപ്പെട്ടവരാണ് എഫ്ഡിസിപിഒമാര്‍.
സംസ്ഥാനത്തെ ഫയര്‍ സ്റ്റേഷനുകളില്‍ എഫ്ഡിസിപിഒമാരുടെ ഒഴിവുകള്‍ നികത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഒരു ഫയര്‍‌സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളും ഉപകരണങ്ങളുമുണ്ട്. എന്നാല്‍, അവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഉദ്യോഗസ്ഥരുടെ കുറവ് സേനയെ വലയ്ക്കുന്നു. ഒാേരാ ഫയര്‍‌സ്റ്റേഷനിലും നിലവില്‍ ഒന്നോ രണ്ടോ എഫ്ഡിസിപിഒമാര്‍ മാത്രമേയുള്ളു. അതുകൊണ്ടുതന്നെ സ്റ്റേഷന്‍ പരിധിയില്‍ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുഴുവന്‍ സമയവും ഇവര്‍ രംഗത്തുണ്ടാവണം. അമിത ജോലിഭാരം സമ്മാനിക്കുന്ന മാനസിക സംഘര്‍ഷം വലുതാണെന്ന് ജീവനക്കാര്‍ പറയുന്നു. അഗ്നിസുരക്ഷാസേന പ്രവര്‍ത്തനം ആരംഭിച്ച കാലത്തുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് പാറ്റേണ്‍ നിര്‍ണയിച്ചിരുന്നത്. ഇന്നും അന്നുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം സ്റ്റാഫ് പാറ്റേണിന് പരിഗണിക്കുന്നതാണ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടാവാന്‍ കാരണം. 800ലേറെ വാഹനങ്ങളും രണ്ടായിരത്തിനടുത്ത് ഉപകരണങ്ങളും സേനയ്ക്കുണ്ട്. എന്നാല്‍, ഇവ കൈകാര്യം ചെയ്യുന്ന എഫ്ഡിസിപിഒമാരുടെ എണ്ണം വെറും 250 ആണ്. സേനയുടെ പ്രവര്‍ത്തനത്തില്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. പല ഫയര്‍‌സ്റ്റേഷനുകളിലും വാഹനവുമായി എഫ്ഡിസിപിഒമാര്‍ ദുരന്തമുഖത്തേക്കു പോയിക്കഴിഞ്ഞാല്‍ അടുത്ത അപകടസന്ദേശമെത്തുന്ന മുറയ്ക്ക് ആ കോള്‍ തൊട്ടടുത്ത നിലയത്തില്‍ അറിയിക്കുകയാണു പതിവ്. രക്ഷാപ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാമെന്നിരിക്കെയാണ് ഇത്.
നിലയത്തിലെ പകുതിയോളം ജീവനക്കാരുടെ സേവനം ഉപകാരപ്പെടാതെ പോവുന്നതിനും കാരണം മറ്റൊന്നല്ല. എഫ്ഡിസിപിഒ തസ്തികയിലേക്ക് അടിസ്ഥാനവിഭാഗം ജീവനക്കാരായ ഫയര്‍മാനെ ഉയര്‍ത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുന്നു. ഒരു ഫയര്‍മാന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടുവാണ്. പുതിയതായി സര്‍വീസിലെത്തുന്നവര്‍ക്ക് ലൈറ്റ്‌വെഹിക്കിള്‍ ലൈസന്‍സും നല്‍കുന്നുണ്ട്. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് കൂടി ഉണ്ടെങ്കില്‍ എഫ്ഡിസിപിഒ തസ്തികയിലേക്ക് യോഗ്യരാവും. ജീവനക്കാരുടെ കുറവുകൊണ്ട് വലിയ മാനസിക സമ്മര്‍ദമാണ് എഫ്ഡിസിപിഒമാര്‍ അനുഭവിക്കുന്നതെന്ന് കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്‌സ് ആന്റ്് മെക്കാനിക് അസോസിയേഷന്‍ പറയുന്നു. ജീവനക്കാരുടെ എണ്ണം കൂട്ടുന്നത് സര്‍ക്കാരിന് സാമ്പത്തികബാധ്യത കൂട്ടും. അതിനാല്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹെവി വെഹിക്കിള്‍ അല്ലാത്ത വാഹനങ്ങളെങ്കിലും ഫയര്‍മാന്‍മാരെ ഓടിക്കാന്‍ അനുവദിച്ചാല്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാവുമെന്നും സംഘടന പറയുന്നു.
Next Story

RELATED STORIES

Share it