കാലവര്‍ഷക്കെടുതിമരിച്ചവരുടെ ആശ്രിതര്‍ക്കു 4 ലക്ഷം

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് 6.34 കോടി രൂപയുടെ കൃഷി നാശം ഉണ്ടായെന്നു സര്‍ക്കാര്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
തീരദേശ ജില്ലകള്‍ക്കു ദുരിതാശ്വാസത്തിന് ആയി 50 ലക്ഷം രൂപ അനുവദിച്ചെന്നും റവന്യൂമന്ത്രി അറിയിച്ചു. 2784 കര്‍ഷകരുടെ 188.41 ഹെക്റ്റര്‍ കൃഷി നശിച്ചപ്പോള്‍ നഷ്ടം 6.34 കോടി ലക്ഷമാണെന്നു മന്ത്രി വിശദമാക്കി. മരിച്ചവരുടെ കുടുംബങ്ങളും വീടു നഷ്ടമായവര്‍ക്കും ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിനു പുറമെ അധിക ധന സഹായം ഉറപ്പാക്കുമെന്നു റവന്യൂമന്ത്രി വ്യക്തമാക്കി.
മലയോര മേഖലയില്‍ പൂര്‍ണമായി വീട് നഷ്ടമായവര്‍ക്ക് 1,00,900 രൂപയും, മറ്റുള്ളവര്‍ക്ക് 95,100 രൂപയും ആണു പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തില്‍ വീട് നശിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കും. ബുധനാഴ്ച വരെ മഴയും കാറ്റും തുടരും എന്നാണു കാലാവസ്ഥാ പ്രവചനം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്നും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി തീരദേശ ജില്ലകള്‍ക്ക് 50 ലക്ഷം രൂപയും മറ്റ് ജില്ലകള്‍ക്ക് ആവശ്യപ്പെട്ടതനുസരിച്ചുളള തുകയും മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തു മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 14 പേരാണെന്നും മൂന്നുപേര്‍ പരിക്കേറ്റ് ചികില്‍സയിലാണെന്നും മന്ത്രി പറഞ്ഞു.  പരിക്കേറ്റതില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവിധ ജില്ലകളില്‍ 56 വീടുകള്‍ പൂര്‍ണമായും 1109 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഠിനംകുളം വില്ലേജില്‍  ഒരു ദുരിതാശ്വാസ ക്യാംപ് തുടങ്ങുകയും  40 പേര്‍ അടങ്ങുന്ന 10 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
അമ്പലപ്പുഴ വടക്ക് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറക്കുകയും 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ കൈപ്പുഴ വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. നാല് പേര്‍ അടങ്ങുന്ന ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രിസഭയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it