wayanad local

കാലവര്‍ഷം ശക്തം ; ഇന്നുമുതല്‍ കുറുവയില്‍ പ്രവേശനമില്ല



മാനന്തവാടി: ജില്ലയില്‍ കാലവര്‍ഷം ശക്തമായിത്തുടങ്ങിയതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മുന്‍ വര്‍ഷങ്ങളിലേത് പോലെ നിയന്ത്രണം മൂന്നു മാസത്തോളം തുടരും. പ്രധാന പ്രവേശന കവാടമായ പാല്‍വെളിച്ചം വഴി ഈ സീസണില്‍ 2016 നവംബര്‍ ഒന്നുമുതല്‍ 2017 ജൂണ്‍ 11 വരെ 467 വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ 2,64,475 പേരാണ് ദ്വീപ് സന്ദര്‍ശിച്ചത്. പാക്കം ചെറിയ മലവഴി പ്രവേശിക്കുന്നവരുടെ എണ്ണം കൂടിയാകുമ്പോള്‍ ഇത് മൂന്നു ലക്ഷത്തോളമാവും. വരുമാനമായി 79,48,260 രൂപ ലഭിച്ചു. കഴിഞ്ഞ സീസണില്‍ 2015 നവംമ്പര്‍ മുതല്‍ 2016 ജൂണ്‍ വരെ 756 വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 2,34,756 പേര്‍ ദ്വീപ് സന്ദര്‍ശിക്കുകയും ഫീസിനത്തില്‍ 70,75,260 രൂപ ലഭിക്കുകയും ചെയ്തു. ഒരോ വര്‍ഷവും കുറുവാദ്വീപ് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കണക്കുകളില്‍ വ്യക്തമാവുന്നത്. ഈ സീസണില്‍ ക്രിസ്മസ് അവധിക്കാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ദ്വീപിലെത്തിയത്. 70 വിദേശികള്‍ ഉള്‍പ്പെടെ 49,981 പേര്‍ ദ്വീപിലെത്തുകയും 15,01,530 രൂപ വരുമാനമായി ലഭിക്കുകയും ചെയ്തപ്പോള്‍ മധ്യവേനലവധിക്കാലമായ മെയ് മാസം 14 വിദേശികള്‍ ഉള്‍പ്പെടെ 46,698 പേര്‍ ഇവിടെയെത്തി. 14,01,360 രൂപ സര്‍ക്കാര്‍ ഖജനാവിലെത്തുകയും ചെയ്തു. ചങ്ങാടയാത്ര ഉള്‍പ്പെടെ വിദേശികള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 80 രൂപയുമാണ് പ്രവേശന ഫീസ്. കാമറ ഉപയോഗിക്കുന്നതിന് പ്രത്യേക ചാര്‍ജ് നല്‍കണം. സഞ്ചാരികളെ ദ്വീപിലെക്കെത്തിക്കുന്നതിന് 70 പേര്‍ക്ക് വീതം യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ടു ചങ്ങാടങ്ങളാണ് ഇവിടെയുള്ളത്. മുമ്പ് ബോട്ടുകളിലായിരുന്നു സഞ്ചാരികളെ ദ്വീപിലെത്തിച്ചിരുന്നത്. എന്നാല്‍, പലവിധ സുരക്ഷാ കാരണങ്ങളാലും ബോട്ടില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാലും ഇതുപേക്ഷിക്കുകയായിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ 900 ഹെക്റ്ററില്‍ വ്യാപിച്ചുകിടക്കുന്ന കുറുവാദ്വീപ് അപൂര്‍വ ഇനത്തില്‍പെട്ട ഔഷധ സസ്യങ്ങളുടെ കലവറയാണ്. കാനനഭംഗി നുകര്‍ന്നുകൊണ്ടുള്ള കാല്‍നടയാത്രയും മറ്റുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേരെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്. ഒമ്പതു ഡിടിപിസി ജീവനക്കാരടക്കം 20 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അനുദിനം സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദ്വീപില്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it