malappuram local

കാലവര്‍ഷം; മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തീരുമാനം

മലപ്പുറം: കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. എംഎല്‍എമാരായ പി കെ അബ്ദുറബ്ബ്, ആബിദ് ഹുസയ്ന്‍ തങ്ങള്‍, എഡിഎം വി രാമചന്ദ്രന്‍, ഡിഎംഒ ഡോ. കെ സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം, തൊഴിലുറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുതള്‍ ശുചീകരിക്കുന്നതിലൂടെ പരമാവധി ജലസംഭരണം ഉറപ്പുവരുത്താനും മഴവെള്ള സംഭരണപ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രചാരം നല്‍കാനും തീരുമാനിച്ചു. ബ്ലോക്ക്, പഞ്ചായത്തുതലങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി അവലോകന യോഗങ്ങള്‍ നടത്താന്‍ ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. മഴക്കാലത്ത് തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ ഉറങ്ങുന്നതിനും ഭക്ഷണം നല്‍കുന്നതിനുമായി സാമൂഹിക നീതി വകുപ്പിനെ ചുമതലപ്പെടുത്തി.
ദുരന്തങ്ങള്‍ നേരിടുന്നതിനായി പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കാനും, മഴക്കാല ദുരന്തങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പുമായി ചേര്‍ന്ന നേരിടുന്നതിന് എല്ലാ വകുപ്പുകളും ഒരു നോഡല്‍ ഓഫിസറെ നിയമിക്കാനും തീരുമാനിച്ചു. ജില്ലാ അടിയന്തരഘട്ടകാര്യ നിര്‍വഹണ കേന്ദ്രത്തില്‍നിന്നു ഇടക്കാലത്ത് പിന്‍വലിച്ച ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ ജീവനക്കാരനെ പുനര്‍നിയമിക്കും. ജില്ലാ ദുരന്തനിവാരണ പ്ലാനില്‍ പരാമര്‍ശിച്ചിട്ടുള്ള മേഖലകളിലെല്ലാം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തപ്പിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ ഒരു താക്കോല്‍ കൈവശംവയ്ക്കുന്നതിനും വില്ലേജ്് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ക്ക് തീരശോഷണം സംബന്ധിച്ച മുന്നറിയിപ്പുകള്‍ അതത് സമയങ്ങളില്‍ നല്‍കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
തീരശോഷണം ലഘൂകരിക്കുന്നതിനായി കടല്‍ ഭിത്തികളുടെ കേടുപാടുകള്‍ തീര്‍ക്കാനും തീരദേശത്തെ വീടുകളുടെ സംരക്ഷണത്തിനായി കടല്‍ ഭിത്തികള്‍ ബലം കുറഞ്ഞ ഇടങ്ങളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹൈസ്പീഡ് ബോട്ട് വാടകയ്‌ക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാവുംവിധം അരി, മണ്ണെണ്ണ തുടങ്ങി അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്യാന്‍ എല്ലാ താലൂക്കുകളിലേയും സപ്ലൈ ഓഫിസര്‍മാര്‍ ശ്രദ്ധിക്കണം. കൂടാതെ ക്യാംപുകളിലേക്കാവശ്യമായ എല്ലാ വിഭവങ്ങളും സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ എന്നിവിടങ്ങളില്‍ നിന്നുതന്നെ വാങ്ങണമെന്നും നിര്‍ദേശിച്ചു.
വിനോദ സഞ്ചാരികള്‍ എത്താനിടയുള്ള ജില്ലയിലെ ഉരുള്‍പൊട്ടലുള്‍പ്പടെയുള്ള അപകട സാധ്യതാ മേഖലകളിലെല്ലാം വിവിധ ഭാഷകളിലായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവരോട് നിര്‍ദേശിച്ചു. തുടര്‍ച്ചയായി രണ്ടു ദിവസത്തില്‍ കൂടുതലായി മഴ നില്‍ക്കുകയാണെങ്കില്‍ ക്വാറികളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും 24 മണിക്കൂര്‍ വരെ മഴ പെയ്യാത്ത സാഹചര്യം വരുന്നതുവരെ ഇത് തുടരാനും റവന്യു, ജിയോളജി വകുപ്പുകള്‍ മേല്‍നോട്ടം നല്‍കണം.
മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നത് തടയുന്നതിനും ടാങ്കര്‍ ലോറികള്‍ സഞ്ചരിക്കുന്ന പ്രധാന പാതകളില്‍ രാത്രി പത്തിന് ശേഷം വാഹനം തടഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് വിശ്രമമൊരുക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.  വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെഎസ്ഇബിയോട് യോഗം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it