ernakulam local

കാലവര്‍ഷം പടിവാതില്‍ക്കല്‍; മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല

കൊച്ചി: കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ നഗരസഭാ പരിധിയില്‍ മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ നഗരം വീണ്ടും വെള്ളക്കെട്ടിലായിരുന്നു.
താണ പ്രദേശങ്ങളിലും തീര ദേശങ്ങളിലും മഴ കനത്ത നാശം വിതച്ചു. മിക്കയിടത്തും വീടുകള്‍ വെള്ളത്തിലായി. റോഡുകളിലും വെള്ളം കയറി. മണിക്കൂറുകളോളം വെള്ളം കെട്ടിനിന്ന പ്രദേശങ്ങളുമുണ്ട്. എന്നാല്‍ നഗരത്തില്‍ വെള്ളക്കെട്ടില്ലെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളും കൊച്ചി മെട്രൊയുടെ അനുബന്ധമായി നടക്കുന്ന കാനകളുടെ നിര്‍മാണവും മാത്രമാണ് നിലവില്‍ നടക്കുന്നത്.
ജൂണ്‍ ആദ്യ വാരം തന്നെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സാധാരണയായി മഴ എത്തുന്നതിനു മുമ്പ് നഗരസഭാ പ്രദേശത്ത് കാനകള്‍ വൃത്തിയാക്കുകയും തോടുകളിലെയും കായലുകളിലെയും പോള നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാലവര്‍ഷം പടിക്കലെത്തിയിട്ടും യാതൊരു മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫണ്ട് വിനിയോഗത്തിന് നിയന്ത്രണം ഉണ്ടായിരുന്നതാണ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നഗരസഭ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, വൈറ്റില തുടങ്ങിയ താണ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമാവുന്നത്. സാധാരണ മഴയില്‍ പോലും പ്രദേശങ്ങളിലെ കോളനികളിലും മറ്റും വെള്ളം കയറുന്നത് പതിവാണ്. കാനകളിലും തോടുകളിലും നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. പേരിന് ചിലയിടങ്ങളിലെ കാനകള്‍ വൃത്തിയാക്കിയിരുന്നുവെങ്കിലും ഇവ പൂര്‍ത്തിയാക്കിയിട്ടില്ല.
കാനകളില്‍നിന്നും കോരിയ ചെളി റോഡരികില്‍ തന്നെ നിക്ഷേപിച്ചതും പ്രതിസന്ധിയായി. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ ബ്രോഡ്‌വെയില്‍ നവീകരണത്തിന്റെ ഭാഗമായി കാനകള്‍ പുതുക്കി പണിതിരുന്നു.
എന്നാല്‍ അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് വേനല്‍ മഴയില്‍ ബ്രോഡ്‌വെ വീണ്ടും വെള്ളത്തിലായി. മേനക, എംജി റോഡ്, കലൂര്‍, പാലാരിവട്ടം മേഖലകളിലെ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മെട്രൊ നിര്‍മാണത്തെ തുടര്‍ന്ന് മിക്കയിടത്തും കാനകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. കലൂര്‍ മേഖലയില്‍ കാനകളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും എംജി റോഡില്‍ പണികള്‍ നിലച്ചിരിക്കുകയാണ്.
പാലാരിവട്ടം, കലൂര്‍ റൂട്ടില്‍ നവീകരണം കഴിഞ്ഞ കാനകളുടെ സ്ലാബുകള്‍ മിക്കതും ഒടിഞ്ഞ് കാനകളില്‍ തന്നെ വീണു കിടക്കുന്ന സ്ഥിതിയാണ്. ശേഷിക്കുന്ന ദിവസങ്ങള്‍ക്കുള്ളില്‍ മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ നഗരം വീണ്ടും വെള്ളക്കെട്ടിലാവുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Next Story

RELATED STORIES

Share it