Flash News

കാലവര്‍ഷം ചൊവ്വാഴ്ചയെത്തും : ശുചീകരണ പ്രവര്‍ത്തനം അവതാളത്തില്‍



നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: കാലവര്‍ഷം ചൊവ്വാഴ്ച എത്തുമെന്ന് അറിയിച്ചിട്ടും സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പകുതിപോലും പൂര്‍ത്തിയായില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കേണ്ട ആരോഗ്യ വകുപ്പ് നിസ്സംഗത തുടരുകയാണ്. മഴക്കാലത്തിന് ഒരു മാസം മുമ്പേ കോര്‍പറേഷനുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇതിന് ആവശ്യമായ ഫണ്ട് കൈമാറേണ്ടതും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് നേരിട്ട് വിലയിരുത്തേണ്ടതുമാണ്. ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമായതോടെ പല നഗരസഭകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം നിലയ്ക്ക് മഴക്കാലപൂര്‍വ ശുചീകരണം വൈകിയാണെങ്കിലും തുടങ്ങിയിട്ടുണ്ട്. കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുകുനശീകരണം വരെയുള്ള മഴക്കാല ശുചീകരണ ജോലികള്‍ ഏപ്രിലില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കേണ്ടതാണ്. വേനല്‍മഴ തുടങ്ങുന്നതിനു മുമ്പാണ് അത് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, മെയ് മാസം പിന്നിടാറാവുമ്പോഴും മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്കും ഉള്‍നാടുകളിലേക്കും എത്തിയിട്ടില്ല. ശുചിത്വ പദ്ധതിക്കായി ഓരോ വാര്‍ഡിനും 25,000 രൂപയാണ് അനുവദിക്കുന്നത്. സാധാരണ ഏപ്രില്‍ അവസാനത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം എത്തേണ്ടതാണ്. എന്നാല്‍, ഇതുവരെ ഇതിനുള്ള ഫണ്ടും ലഭിച്ചിട്ടില്ല. കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടത്. ഏപ്രില്‍ രണ്ടാംവാരം ചേര്‍ന്ന യോഗത്തില്‍ മഴക്കാല ശുചീകരണം ഇക്കുറി ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ കാംപയിനാക്കി മാറ്റി. പൊതുനിരത്തുകളിലും പറമ്പുകളിലും ഓടകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവയുടെ വ്യാപനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പുതിയ പേര് സ്വീകരിച്ച് രണ്ടു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനമൊന്നും തുടങ്ങിയില്ല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തിയത് തിരിച്ചടിയായി. തദ്ദേശ സ്ഥാപനത്തിലെ വാര്‍ഡ് പ്രതിനിധി അധ്യക്ഷനും ആരോഗ്യപ്രവര്‍ത്തകന്‍ കണ്‍വീനറും ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളുമായ വാര്‍ഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റിയാണ് ശുചീകരണത്തിന് നേതൃത്വം നല്‍കേണ്ടത്. മെയ് 24നകം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
Next Story

RELATED STORIES

Share it