wayanad local

കാലവര്‍ഷം കഴിഞ്ഞാല്‍ റോഡുകള്‍ നന്നാക്കും : മന്ത്രി കടന്നപ്പള്ളി



കല്‍പ്പറ്റ: ശക്തമായ മഴക്കാലത്ത് റോഡ് പണി ചെയ്യുന്നതു ഗുണകരമാവില്ലെന്നും ജില്ലയിലെ പ്രാധാന റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാലവര്‍ഷം ശക്തികുറയുന്നതോടെ പരിഹാരം കാണുമെന്നും തുറമുഖ-പുരാവസ്തു വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലായി 300 കോടി രൂപ റോഡിന് മാത്രമായി നീക്കിവച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തികുറഞ്ഞാലുടന്‍ ഏതെല്ലാം റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നു വിലയിരുത്തിയ ശേഷം പണികള്‍ മുന്‍ഗണനാക്രമത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ റെയില്‍പാതാ വിഷയത്തില്‍ സര്‍ക്കാര്‍ ഒട്ടും പിന്നാക്കം പോയിട്ടില്ല. പാതയുടെ വിഷയങ്ങള്‍ കേരളത്തിലെയും കര്‍ണാടകയിലെയും മന്ത്രിമാര്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടനെയുണ്ടാവും. സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് റെയില്‍വേയ്ക്ക് പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ എട്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് അനുവദിക്കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം കൃത്യമായി വിലയിരുത്തുമെന്നു മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക തുക ഉടന്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ 650 കോടി രൂപ നല്‍കാനുണ്ട്. ഇതു നികത്താനായി തല്‍ക്കാലം പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തി നല്‍കാനും പിന്നീട് ലഭിക്കുമ്പോള്‍ പ്ലാന്‍ ഫണ്ടിലേക്ക് തിരികെ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഴീക്കല്‍ തുറമുഖം വയനാടിന് ഏറെ സാധ്യതകളാണ് തുറന്നിടുന്നതെന്നു മന്ത്രി പറഞ്ഞു. ജില്ലയില്‍ നിന്നുള്ള കാപ്പി അഴീക്കല്‍ തുറമുഖത്ത് സമാഹരിക്കാനും കയറ്റി അയക്കാനുമുള്ള അവസരം ഒരുക്കും. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണസജ്ജമാവുമ്പോള്‍ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണവും വെളിയിട വിസര്‍ജന മുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ജില്ലയുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുക, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുക എന്നിവ സര്‍ക്കാര്‍ മുഖ്യ ശ്രദ്ധനല്‍കുന്ന പദ്ധതികളാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം കെ എം രാജു ആമുഖ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ബിനു ജോര്‍ജ് മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it