kasaragod local

കാലവര്‍ഷം കനത്തു ; മുസോടിയില്‍ 80 പേരെ മാറ്റിപ്പാര്‍പ്പിച്ചു



ഉപ്പള/കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷം കനത്തു. ഉപ്പള മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഇതേ തുടര്‍ന്ന് എട്ട് കുടുംബങ്ങളിലെ 80 പേരെ റവന്യൂ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. മുസോടി, അദീക്ക ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. നിരവധി കാറ്റാടി മരങ്ങളും തെങ്ങുകളും കടലെടുത്തു. ഇന്നലെ രാവിലെ എട്ട് വരെ ജില്ലയില്‍ 33 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. ഉദുമ, ചെമ്പിരിക്ക, അജാനൂര്‍ തീരദേശ മേഖലകളില്‍ കടല്‍ ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഷിറിയ, ഉപ്പള, പയസ്വിനി, ചന്ദ്രഗിരി തുടങ്ങിയ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇന്നലെ വൈകിട്ട് മൂന്നോടെ ചെങ്കള-ചേരൂര്‍ റോഡില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. സംഭവസമയത്ത് ഇതുവഴി വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാസര്‍കോട് തെരുവത്ത് വൈദ്യുതി ലൈനില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. അതിര്‍ത്തി, മലയോര മേഖലകളിലും കാറ്റ് നാശനഷ്ടം വിതച്ചു. കാസര്‍കോട് കസബ കടപ്പുറത്തും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. അതേസമയം തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാത്തത് കൂടുതല്‍ ദുരിതമായി. ഉപ്പളയിലെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു. ശക്തമായ മഴയില്‍ വെള്ളം റോഡുകളിലൂടെ ഒഴുകുന്നതിനാല്‍ ദേശീയ പാതയടക്കമുള്ള റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. കാസര്‍കോട് നഗരത്തിലെ പല റോഡുകളും കുണ്ടുംകുഴിയും വീണ് അപകട നിലയിലാണ്. ഓവുചാലുകള്‍ മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കാത്തതിനാല്‍ മഴ വെള്ളം റോഡിലൂടെയാണ് ഒലിച്ചുപോകുന്നത്. കേരളത്തോട് തൊട്ടുകിടക്കുന്ന കര്‍ണാടകയില്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. ഇവിടെ മഴപെയ്യുന്നതോടെയാണ് ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നത്. ചെങ്കള: കനത്ത മഴയില്‍ മരം വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ശക്തമായ കാറ്റിലും മഴയിലുമാണ് മരം പൊട്ടി ഹൈടെന്‍ഷന്‍ വൈദ്യുതി പേ ാസ്റ്റിന് മുകളിലേക്ക് വീണത്. ചെങ്കള-ചേരൂര്‍ റോഡിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ വാഹനമോ ആള്‍ക്കാരോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it