kozhikode local

കാലവര്‍ഷം കനത്തു ; അധികൃതരുടെ അനാസ്ഥയില്‍ ഭീതി ഒഴിയാതെ കടലോരം



വടകര: കാലങ്ങളായുള്ള ദുരിത കഥയുടെ ബാക്കിപത്രമാണ് വടകരയിലെ തീരദേശവാസികള്‍ക്ക് ഇപ്പോഴും പറയാനുള്ളത്. കാലവര്‍ഷം വരുമ്പോള്‍ തങ്ങള്‍ക്ക് ഭയമാണ്. ജീവനു തന്നെ ഭീഷണിയാവുംവിധം കടല്‍ കവര്‍ന്നെടുക്കുമോ തങ്ങളുടെ സ്വത്തും സമ്പാദ്യവുമെല്ലാം. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ട അധികാരി വര്‍ഗം തന്നെയാണ് ഇവരുടെ ഭയപ്പാടിന് അറുതി വരാത്തതെന്ന് ഇവര്‍ പറയുന്നു. പല തവണ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും കടല്‍ഭിത്തി നിര്‍മ്മാണം നടത്താത്തതിനാലുള്ള ദുരിതത്തെ കുറിച്ച് ചോദിക്കുമ്പോല്‍ വിതുമ്പലോടെയാണ് വടകരയിലെ തീരദേശവാസികള്‍ മറുപടി പറയുന്നത്. താഴെഅങ്ങാടിയിലെ പുറങ്കര, കൊയിലാണ്ടി വളപ്പ്, മുഖച്ചേരി ഭാഗം, കുരിയാടി, കൈനാട്ടി എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മാണം നടത്താത്തതിനാല്‍ ജനങ്ങള്‍ ഭായപ്പാടോടെ കഴിയുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലങ്ങലില്‍ തന്നെ കനത്ത രീതിയില്‍ കടലാക്രമണം നേരിട്ട പ്രദേശങ്ങളാണ്. എല്ലാ വര്‍ഷവും ഈ സമയത്ത് അധകൃതരും ജനപ്രതിനിധികളും വന്ന് പല വാഗ്ദാനങ്ങളും നല്‍കുകയല്ലാതെ ഇതുവരെ കടല്‍ഭിത്തി നിര്‍മ്മാണമ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ട്രോളിംഗ് നിരോധനം മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ ജീവിതെ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കുന്ന തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഇത് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.ചില സമയങ്ങളില്‍ കടലിലുണ്ടാവുന്ന ശക്തമായ കാറ്റ് രൂക്ഷമായ കടലാക്രമണമുണ്ടാവാന്‍ കാരണമാവുന്നതെന്ന് തീരപ്രദേശത്തെ മത്സ്യതൊഴിലാളികള്‍ പറയുന്നത്. തീരപ്രദേശത്ത് താമസിക്കുന്ന പലരും രാത്രി കാലങ്ങളില്‍ ഭീതിയോടെയാണ് കഴിയുന്നത്. ചില ദിവസങ്ങളില്‍ മനസ്സമാധാനത്തോടെ ഉറങ്ങന്‍ പോലും കഴിയാറില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ കടല്‍ ഭിത്തി ഭാഗികമായിട്ടുള്ളതിനാല്‍ ഭിത്തിയും കടന്നാണ് കടല്‍ കയറുന്നത്. നിലവിലുള്ള ഭിത്തിയാകട്ടെ കടല്‍ കയറി താഴ്ന്നുപോയിട്ടുണ്ട്. കടലിനടുത്ത് താമസിക്കുന്ന പലരും രാത്രികാലങ്ങളില്‍ വളരെ ഭയാജനകമായ അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. കാലവര്‍ഷം തുടങ്ങിയിട്ടും ഇവിടങ്ങളില്‍ കടല്‍ഭിത്തിനിര്‍മ്മാണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ വലിയ രീതിയിലുള്ള കടാലാക്രമണ സമയത്ത് എന്തു ചെയ്യുമെന്നാണ് ഇവിടത്തുകാര്‍ ചോദിക്കുന്നത്.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലസ്ഥലങ്ങളിലും കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളക്കെട്ടായി മാറിയത് ഗതാഗതം താറുമാറായിരിക്കുകയാണ്. മഴവെള്ളം സുഖമമായി ഒഴുകിപ്പോകാനാവാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓടകള്‍ ശുചീകരിക്കാത്തത് വെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനപ്പുറം പകര്‍ച്ചാവ്യാധി പടരാനുമുള്ള സാധ്യതക്ക് കാരണമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it