kannur local

കാലവര്‍ഷം കനക്കുന്നു; റോഡുകളില്‍ യാത്ര ദുഷ്‌കരം



കമ്പില്‍: കാലവര്‍ഷം കനത്തതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ റോഡുകള്‍ തകരുന്നു. കമ്പില്‍-മയ്യില്‍ റൂട്ടിലെ മെക്കാഡം ടാറിങും തകര്‍ന്നു. കമ്പില്‍ ടൗണിലെ രിഫാഈ പള്ളിക്കു മുന്‍വശത്താണ് റോഡ് തകര്‍ന്ന് കുഴിയായത്. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് കഴിഞ്ഞ് രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കുമാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന ഇവിടെ അപകടം പതിയിരിക്കുകയാണ്. നാറാത്ത്-കൊളച്ചേരി പഞ്ചായത്തുകള്‍ പങ്കിടുന്ന ഭാഗത്താണ് റോഡില്‍ കുഴി രൂപപ്പെട്ടത്. ഇതിനു സമീപം റോഡില്‍ ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കാനാണു തുക അനുവദിച്ചതെങ്കിലും നേരത്തേയുള്ള വീതിയില്‍ തന്നെ റീടാറിങ് നടത്തി മധ്യത്തില്‍ ഡിവൈഡര്‍ സ്ഥാപിച്ചതോടെ അപകടം പതിവായിരുന്നു. കമ്പില്‍ ടൗണ്‍ മുതല്‍ പന്ന്യങ്കണ്ടി വരെയാണ് ഡിവൈഡറില്‍ തട്ടിയുള്ള അപകടം തുടര്‍ക്കഥയായത്. ഇതിനിടെ റോഡില്‍ കുഴി കൂടി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്രയും അപകടഭീതിയിലായി. നാട്ടുകാര്‍ കുഴിക്കടുത്ത് കമ്പും മറ്റും വച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഇരിക്കൂര്‍: ഇരിക്കൂര്‍, മയ്യില്‍ മേഖലയില്‍ നിരവധി ഭാഗങ്ങളിലാണ് റോഡ് തകര്‍ന്നത്. കോളോട്-ചിറമ്മല്‍ അങ്കണവാടി റോഡ് ചളിക്കുളമായി. വാഹന-കാല്‍നടയാത്ര പോലും ദുസ്സഹമാണ്.സമീപത്തെ പറമ്പുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മണ്ണും വെള്ളവും ടാറിട്ട റോഡില്‍ കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകിപ്പോവാന്‍ ഓവുചാല്‍ ഇല്ല. അതിനാല്‍ അരയടിയോളം ഉയരത്തില്‍ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതു കടന്നുവേണം കോളോട് അങ്കണവാടിയിലേക്കും പരിസരത്തെ വീടുകളിലേക്കും പോകാന്‍. അശാസ്ത്രീയമായ കുന്നിടിക്കലും പറമ്പ് ഉയര്‍ത്തലുമാണ് ചളിവെള്ളം നിറയാന്‍ കാരണം.
Next Story

RELATED STORIES

Share it