kannur local

കാലവര്‍ഷം: കണ്ണൂരില്‍ ഒന്നരക്കോടിയുടെ കൃഷിനാശം

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും ഒന്നര ക്കോടിയിലധികം രൂപയുടെ കൃഷിനാശം. മലയോരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. മരങ്ങള്‍ വീണും മറ്റും അമ്പതിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.
കാലവര്‍ഷത്തില്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇന്നലെ രാവിലെ 10 മണി വരെയുള്ള 24 മണിക്കൂറില്‍ 109.1 മില്ലി മീറ്റര്‍ മഴ പെയ്തു.
സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ തളിപ്പറമ്പിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്-124.0 മില്ലി മീറ്റര്‍. കണ്ണൂര്‍: 118.3 മില്ലി മീറ്റര്‍, ഇരിക്കൂര്‍: 115.0 മില്ലി മീറ്റര്‍, തലശ്ശേരി: 87.0 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ മാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ്. എന്നാല്‍ 10 മണിക്ക് ശേഷം മഴയുടെ തോത് കുറഞ്ഞു. ഇതുവരെ 1,67,00250 രൂപയുടെ കൃഷി നാശമാണ് രേഖപ്പെടുത്തിയത്. അമ്പതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല.
രണ്ടുപേരാണ് കഴിഞ്ഞ ദിവസം കാലവര്‍ഷത്തില്‍ മരിച്ചത്. പാനൂര്‍ ചമ്പാട് അരയാക്കൂലിലെ താഴെകുനിയില്‍ രവീന്ദ്രന്‍ തെങ്ങുമുറിച്ചു മാറ്റവെ തോട്ടില്‍ വീണും, മാച്ചേരി പടിഞ്ഞാറാട്ടെ പി പി ഗംഗാധരന്‍ മതിലിടിഞ്ഞും മരണപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മരങ്ങള്‍ കടപുഴകിയതു കാരണം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it