kozhikode local

കാലവര്‍ഷം: കടല്‍ഭിത്തി നിര്‍മാണം ത്വരിതപ്പെടുത്താന്‍ നാളെ യോഗം ചേരും

കോഴിക്കോട്: കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ കടല്‍ക്ഷോഭം നേരിടുന്നതിന് കടല്‍ഭിത്തി നിര്‍മാണം ത്വരിതപ്പെടുത്താന്‍ ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ ഉച്ചയ്ക്ക മൂന്നിന് കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നിര്‍ദേശം പരിഗണിച്ചാണ് യോഗം ചേരുന്നത്.
അഴിയൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള കടല്‍ത്തീരത്ത് കടല്‍ക്ഷോഭം നേരിടാന്‍ ശക്തമായ നടപടി ആവശ്യമാണെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടല്‍ഭിത്തി നിര്‍മാണത്തിന് പല തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ എത്തിയില്ലെന്ന് ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയറുടെ അനുമതിയോടെ ക്വട്ടേഷന്‍ ക്ഷണിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കടല്‍ക്ഷോഭം നേരിടുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ സംബന്ധിച്ച  മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദന്‍, എംഎല്‍എമാരായ സി കെ നാണു,കെ ദാസന്‍, പി ടി എ റഹിം എന്നിവര്‍ നിര്‍ദേശിച്ചു. കടല്‍ഭിത്തി നിര്‍മാണത്തിന് കല്ല് ആവശ്യത്തിന് ലഭ്യമാണ്.
ക്വാറികളില്‍ നിന്ന് നിര്‍മാണ ആവശ്യങ്ങള്‍ക്ക് കല്ല് എത്തിക്കുന്നതിന് എവിടെയും തടസ്സമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ കുടിശിക അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിലപാട് സ്വീകരിക്കണമെന്ന് ജില്ലാ ബാങ്കിംഗ് അവലോകന സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളേയും മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമുണ്ട്. ഇവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കണം.ജില്ലയില്‍ റേഷന്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റേഷനിംഗ് ഇന്‍സ്—പെക്ടര്‍മാലരുടെ മേല്‍നോട്ടത്തില്‍ ഇലക്ട്രോണിക് വെയിംഗ് മെഷീനില്‍ തൂക്കിയാണ് ജില്ലയിലെ എന്‍എസ്എഫ്എ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലേക്ക് വിതരണം നടത്തുന്നതെന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ കൃത്യത ഉറപ്പ് വരുത്താന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിവിധ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയ വിവര പട്ടിക ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിലകംതാഴം പാലം സ്ഥലം ഏറ്റെടുക്കുന്നതിന് കൃഷി വകുപ്പില്‍ നിന്ന് കാര്‍ഷികവിളകളുടെ വില നിര്‍ണയിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാദാപുരം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ അന്തിമഘട്ട പ്രവൃത്തി ഉടന്‍ തീര്‍പ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.
പയ്യോളി ബീച്ച് പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് നിലവിലുളള മല്‍സ്യഗ്രാമം കുടിവെള്ള പദ്ധതിയില്‍ നിന്നും 22 പൊതുടാപ്പുകള്‍ സ്ഥാപിച്ച് ജലവിതരണം നടത്തിവരുന്നതായും യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ പോലിസ് ക്വാര്‍ട്ടേഴ്‌സ്, പോലിസ് സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.അരീക്കാടും കൊയിലാണ്ടിയിലും ദേശീയപാതയോരത്ത് വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നതിന് പൊതുസ്ഥലം കണ്ടെത്തും. നാശോന്മുഖമായ വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിയമപരമായി നടപടിയെടുക്കുന്നതിനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it