കാലവര്‍ഷം: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തമാവുന്നു. കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിനു മേല്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഒരാള്‍ മരിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ 70 മുതല്‍ 110 മില്ലിമീറ്റര്‍ മഴ ലഭിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ 27 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 92.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇക്കാലയളവില്‍ സാധാരണ ലഭിക്കേണ്ടത് 127.3 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയം ജില്ലയിലെ വൈക്കത്തും എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലുമാണ്. യഥാക്രമം 85, 83 മില്ലിമീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ ലഭിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ 45.8 മില്ലിമീറ്റര്‍ മഴയും വിമാനത്താവളത്തില്‍ 35.5 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. പുനലൂരില്‍ 10.4, ആലപ്പുഴ 14.6, കോട്ടയം 34.6, കൊച്ചി വിമാനത്താവളം 51.8, കരിപ്പൂര്‍ 9.3 മില്ലിമീറ്റര്‍, കണ്ണൂര്‍ 30.2 മില്ലിമീറ്ററും മഴ ലഭിച്ചു.
എന്നാല്‍, സംസ്ഥാനത്തെ പ്രധാന വൈദ്യുതോല്‍പാദന കേന്ദ്രങ്ങളില്‍ ഇനിയും കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് 13 മില്ലിമീറ്റര്‍ മഴയും ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ പമ്പയില്‍ 29 മില്ലിമീറ്ററും കക്കിയില്‍ 19 മില്ലിമീറ്ററും മഴ ലഭിച്ചു. സംസ്ഥാനത്ത് മഴ ശക്തമാവുന്ന സാഹചര്യത്തില്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനും മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതിനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുഴകളിലും തോടുകളിലും വെള്ളക്കെട്ടുകളിലും ജലനിരപ്പ് ഉയരാന്‍ ഇടയുള്ളതിനാല്‍ മഴയത്ത് ഇറങ്ങരുതെന്നും ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കി.
ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഡിടിപിസി അധികൃതരോട് ആവശ്യപ്പെട്ടു. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it