കാലയുടെ റിലീസ് തടയില്ല

ന്യൂഡല്‍ഹി: രജനീകാന്ത് സിനിമ കാലയുടെ റിലീസ് തടയില്ലെന്ന് സുപ്രിംകോടതി.  സിനിമയ്ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിലീസില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.
അതേസമയം, കാല സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് തീവ്ര കന്നഡ അനുകൂല സംഘടനകള്‍ പറയുന്നത്. കാവേരി പ്രശ്‌നത്തില്‍ രജനീകാന്ത് കര്‍ണാടകയ്ക്ക് എതിരേ നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിനിമയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതോടെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് രജനീകാന്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് അഭ്യര്‍ഥിച്ചിരുന്നു.
സിനിമയുടെ നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യുന്നതിന് എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
കോടതിയുടെ തീരുമാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.
2000ഓളം തിയേറ്ററുകളിലാണ് രജനീകാന്ത് ചിത്രം നാളെ റിലീസ് ചെയ്യുക. കേരളത്തില്‍ മാത്രം 200ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. രജനിയുടെ ലുക്കും ഏറെ ചര്‍ച്ചയാണ്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് നടനും രജനീകാന്തിന്റെ മരുമകനുമായ ധനുഷാണ്.
രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.
Next Story

RELATED STORIES

Share it