കാലഫോര്‍ണിയ വെടിവയ്പ്; രാജ്യത്തെ ഭയപ്പെടുത്താനാവില്ല: ബറാക് ഒബാമ

വാഷിങ്ടണ്‍: കാലഫോര്‍ണിയയിലെ വെടിവയ്പു കൊണ്ട് യുഎസിനെ ഭയപ്പെടുത്താനാവില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. തങ്ങള്‍ ശക്തരും പുരോഗമനവാദികളുമാണ്. പ്രതിവാര റേഡിയോ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമികള്‍ മതമൗലിക വാദികളായിരുന്നുവെന്നതിലേക്കാണ് മുഴുവന്‍ സാധ്യതകളും വിരല്‍ചൂണ്ടുന്നത്.
സംഭവം''ഭീകരാക്രമണമാണെന്ന്' സംഭവം അന്വേഷിക്കുന്ന എഫ്ബിഐ വ്യക്തമാക്കി. ഇരുവര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണസംഘം പറഞ്ഞു. ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് സായുധസംഘം തങ്ങളുടെ രണ്ട് അനുയായികളാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവന പുറത്തുവിട്ട ഐഎസിന്റെ അല്‍ ബയാന്‍ റേഡിയോ വിശദാംശങ്ങള്‍ നല്‍കിയില്ല. പാക് വംശജയായ തഷ്‌വീന്‍ മാലിക്, യുഎസ് പൗരനായ ഭര്‍ത്താവ് സയ്യിദ് റിസ്‌വാന്‍ ഫാറൂഖ് എന്നിവരടക്കം മൂന്നുപേര്‍ സൈനികവേഷത്തിലെത്തിയാണ് ദക്ഷിണ കാലഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സ്ഥാപനത്തില്‍ വെടിവയ്പ് നടത്തിയത്.
ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 17ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ രക്ഷപ്പെട്ട ഇവര്‍ പോലിസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദമ്പതികളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ പൈപ്പുബോംബുകളും തിരകളും തോക്കുകളും ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.
സയിദ് റിസ്‌വാന്‍ അമേരിക്കയിലേക്ക് കുടിയേറിയ പാക് സ്വദേശികളുടെ പുത്രനാണെന്നും ഭാര്യ തഷ്‌വീന്‍ മാലിക്കിന്റെ പ്രേരണയാലാവാം ആക്രമണത്തിന് സന്നദ്ധനായതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. 2013ലും 2014ലും ഫാറുഖ് രണ്ടുതവണ സൗദി അറേബ്യയില്‍ പോയിരുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അക്രമികളുടെ കുടുംബം കനത്ത ആഘാതത്തിലാണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it