ernakulam local

കാലടിയിലെ സമാന്തരപാലം:പ്രദേശവാസികള്‍ ആശങ്കയില്‍

കാലടി: ശങ്കരാപാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയപാലവും ബൈപാസ് റോഡും സംബന്ധിച്ച് എതിര്‍പ്പുകള്‍ പല കോണില്‍നിന്നും ഉയരുമ്പോള്‍ പ്രദേശവാസികള്‍ ആശങ്കാകുലരാണ്. 2012ല്‍ 42 കോടിരൂപ അനുവദിച്ചപ്പോള്‍ റോഡിന്റെ അലൈന്‍മെന്റിലായിരുന്നു തര്‍ക്കം. എന്നാല്‍ ഇപ്പോള്‍ പാലം സംബന്ധിച്ചാണ് എതിര്‍പ്പുയരുന്നത്. നിലവിലെ പാലത്തിന് സമാന്തരമായി വേണമെന്നും ചരിഞ്ഞപാലം വേണ്ടെന്നുമാണ് ആവശ്യം. താന്നിപ്പുഴ നിന്നും 45 ഡിഗ്രി പടിഞ്ഞാറ് ചെരിഞ്ഞ് കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്ങലില്‍ പ്രവേശിക്കുംവിധമാണ് അലൈന്‍മെന്റ്. ഇതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അഴിമതിയുണ്ടെന്നും ശ്രീശങ്കര ഹെറിറ്റേജ് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പ് ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പാലം നിര്‍മിക്കുന്നതെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞതായും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം അവസാനത്തോടെ നിര്‍മാണമാരംഭിക്കുമെന്ന് ചില വാര്‍ത്തകള്‍ കണ്ടുവെങ്കിലും ഇത് മാറ്റിവയ്ക്കണമെന്നും തങ്ങളുടെ ആശങ്കയകറ്റിയ ശേഷമേ തറക്കല്ലിടാവൂ എന്നും പ്രദേശവാസികള്‍ പറയുന്നു. ചരിഞ്ഞപാലം വേണ്ടെന്നും ആരുടേയും കിടപ്പാടം നഷ്ടപ്പെടാതെയുള്ള പഴയ അലൈന്‍മെന്റ് വേണമെന്നുമാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഗതാഗതപ്രശ്‌നപരിഹാരവേദിയുടെ ബാനറില്‍ എല്‍ഡിഎഫായിരുന്നു പാലംവലിച്ചതെങ്കില്‍ ഇന്ന് സാംസ്‌കാരിക സംഘടനകളും നാട്ടുകാരുമാണ് കുടയും കുരിശുമായി ഇറങ്ങിയിട്ടുള്ളത്. പാലവും റോഡും യാഥാര്‍ത്ഥ്യമാക്കി കാലടിയുടെ വികസനം സാധ്യമാക്കണമെന്നും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുമാണ് വലിയ വിഭാഗം ജനങ്ങള്‍ പറയുന്നത്.
Next Story

RELATED STORIES

Share it