Second edit

കാറ്റു മാറി വീശല്‍

2016 അവസാനിച്ചത് ലോകമെങ്ങും വലതുപക്ഷ ആശയങ്ങളുടെ ഒരു വലിയ മുന്നേറ്റത്തിനു സാക്ഷ്യംവഹിച്ചുകൊണ്ടാണ്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയമായിരുന്നു അതില്‍ പ്രധാനം. ന്യൂനപക്ഷങ്ങളോടും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളോടുമുള്ള വെറുപ്പും വിദ്വേഷവും പടര്‍ന്നു കത്തിയ കാലമായിരുന്നു അത്. മുസ്‌ലിം വിരോധമായിരുന്നു അതിന്റെ മുഖ്യ മുഖമുദ്ര. ട്രംപിന്റെ വിജയത്തിനു തൊട്ടുമുമ്പ്, യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രിട്ടിഷ് ജനതയുടെ തീരുമാനത്തിലും പ്രതിഫലിച്ചത് ഇതേ വികാരങ്ങള്‍ തന്നെ. 'തുര്‍ക്കികള്‍ വരുന്നു' എന്ന ഭീഷണിയാണ് വലതുപക്ഷം പ്രയോഗിച്ചത്. അവര്‍ ഇംഗ്ലണ്ടില്‍ കുടിയേറുന്നത് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുകയാണ് ബുദ്ധി എന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ 2017ന്റെ അവസാനത്തില്‍ ലോകത്ത് ഇതിനെതിരേയുള്ള പ്രസ്ഥാനങ്ങള്‍ കരുത്തു നേടുന്ന കാഴ്ച കാണാനാവുന്നുണ്ട്. അമേരിക്കയില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരേ തീവ്രവലതുപക്ഷക്കാരുടെ കോട്ടകളായിരുന്ന സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ നേടിയ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉദാഹരണം. അലബാമ, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ മാറ്റം പ്രകടമായി കണ്ടത്. നുണയുടെ മലവെള്ളപ്പാച്ചിലാണ് വലതുപക്ഷ പ്രചാരവേലയുടെ അടിത്തറ. ഗീബല്‍സിന്റെ കാലം തൊട്ട് ഇത് അവരുടെ രീതിയാണ്. ഇന്ത്യയിലും അതേ പ്രയോഗം തന്നെയാണു നടത്തിയത്. ഗുജറാത്തില്‍ പോലും അതിനു തിരിച്ചടി കിട്ടാന്‍ തുടങ്ങിയെന്നത് ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതിന്റെ ലക്ഷണമായി കണക്കാക്കണം.
Next Story

RELATED STORIES

Share it