malappuram local

കാറ്റും മഴയും: വീടുകള്‍ തകര്‍ന്നു, ഗതാഗതം സ്തംഭിച്ചു

കൊണ്ടോട്ടി/ എടക്കര/ കരുവാരക്കുണ്ട്: കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ പലയിടങ്ങളിലും വ്യാപക നാശം. മരം കടപുഴകി വീണ് കൊണ്ടോട്ടി മേഖലയില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുത തൂണുകള്‍ മുറിഞ്ഞ് മിക്ക പ്രദേശങ്ങളും ഒരുദിവസത്തോളം ഇരുട്ടിലായി.വാഴയൂര്‍ കോട്ടൂപാടം കടപ്പുറത്ത് പുറായ് സി പി ഗണേശന്റെ ഓട് മേഞ്ഞ വീട് തകര്‍ന്നതോടെ കുടംബം വീടൊഴിഞ്ഞു.വീടിന് സമീപത്തുളള പറമ്പിലെ മരണം കടപുഴകിയാണ് ഓടും ചുമരും തകര്‍ന്നത്. കൂലിപ്പണിക്കാരനായ ഗണേശനും ഭാര്യയും 4 മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുളളില്‍ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം.
പുതുക്കോട് കോയാലിക്കല്‍ നടുക്കണ്ടിയില്‍ പ്രജിതയുടെ വീടിന് മുകളില്‍ തെങ്ങ് വീണാണ് അപകടമുണ്ടായത്. കാരാട് വടക്കും പാടത്ത് പൊറ്റമ്മല്‍ ജനാര്‍ദ്ധനന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയും ചുമരും തകര്‍ന്നു. പാറമ്മല്‍ രാധ, കാരാട് അലംപുറത്ത് തങ്ക, കാരാട് കെ പി അപ്പുക്കുട്ടന്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരണം വീണു തകര്‍ന്നു.വാഴയൂരില്‍ മദ്രസ കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. ചുമരും തകര്‍ന്നിട്ടുണ്ട്.
പോയിപുളിക്കലില്‍ ചോലക്കരമ്മല്‍ രാജേഷിന്റെ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു.മുസ്ലിയാരങ്ങാടിയില്‍ പേര്‍ക്കുത്ത് അയ്യാടന്‍ മുഹമ്മദ് കുട്ടിയുടെ വീടിന് മുകളില്‍ തെങ്ങ് വീണാണ് അപടകം.വിളയില്‍ ചോലയില്‍ ആയിഷയുടെ വീടിന് മുകളില്‍ മരം വീണ് കോണ്‍ക്രീറ്റ് തകര്‍ന്നു.വീടിന്റെ ചുമരിലും വിളളല്‍ വീണിട്ടുണ്ട്.
വിളയില്‍ മുണ്ടത്തടത്ത് ഹസ്‌നത്തിന്റെ വീടും മരം വീണ് ഭാഗമായി തകര്‍ന്നു. ചേവായൂര്‍ മുഹമ്മദ് കുട്ടിയുടെ വീട് മരം വീണ് തകര്‍ന്നു.  തെങ്ങ്, കവുങ്ങ്, പ്ലാവ്, പടുമരങ്ങള്‍ തുടങ്ങിയ വ്യാപകമായി നിലം പൊത്തി. വാഴ,കപ്പ കൃഷികളും നശിച്ചിട്ടുണ്ട്.വൈദ്യുത തൂണുകളില്‍ മരം വീണ് മേഖല പൂര്‍ണമായും ഇരുട്ടിലായി. കൊണ്ടോട്ടി ഡിവിഷനില്‍ മാത്രം എണ്‍പതിലധികം വൈദ്യുത തൂണുകളാണ് നിലം പൊത്തിയത്.ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മിക്കയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാനായത്.
വഴിക്കടവ് ആനമറിയില്‍ മരം കടപുഴകി വീണ് നാടുകാണി ചുരത്തില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം വീണ് ആര്‍ടിഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്  ഭാഗീകമായ നാശം നേരിട്ടു. നിരവധി വൈദ്യുത തൂണുകള്‍ തകര്‍ന്നു. നാടുകാണിച്ചുരത്തിലെ ആനമറിയില്‍ ആര്‍ടിഒ ഓഫിസ് കെട്ടിടത്തിന്റെ മുന്‍പിലുളള വലിയ ഉങ്ങ് മരമാണ് രാവിലെ കടപുഴകി വീണത്. നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി  മരത്തിനു സമീപമുളള മണ്ണ് നീക്കം ചെയ്തിരുന്നു. വേരുകള്‍ മുറിച്ച് മാറ്റിയ മരം കനത്ത മഴയില്‍ കടപുഴകി വീഴുകയായിരുന്നു.
ആര്‍ടിഒ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ്, ജലസംഭരണി, മുന്‍പിലുളള ഷെഡ് എന്നിവ തകര്‍ന്നു. ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ ബൈക്കും തകര്‍ന്നു. അന്തര്‍ സംസ്ഥാന പാതയില്‍ തടസം നേരിട്ടതോടെ ചെറിയ വാഹനങ്ങള്‍ ആനമറി പൂവത്തിപൊയില്‍ വഴിയാണ് പോയത്.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി. നിലമ്പൂരില്‍ നിന്നുളള അഗ്നിശമനസേന സംഘം എത്തി മരങ്ങള്‍ മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വഴിക്കടവ് പോലിസ്, ചുരം റോഡ് നവീകരണ തൊഴിലാളികള്‍, പഞ്ചായത്ത് അംഗം ഹക്കിം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രദേശത്ത് രാത്രിയിലും വൈദ്യുത ബന്ധം പുനസ്ഥാപിച്ചിട്ടില്ല.
കരുവാരകുണ്ട് കുട്ടത്തി ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാ റ്റില്‍ വന്‍ മരങ്ങള്‍ നിലം പൊത്തി. കുട്ടത്തി മുക്കട്ട - പ ള്ളി പടി റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. വൈദ്യുതിക്കാലുകളും നിരവധി റബ്ബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്.
എടപ്പാള്‍: കഴിഞ്ഞ രണ്ടു ദിവസമായി എടപ്പാള്‍ മേഖലയിലുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ഉദിനിക്കര ജാനകിയുടെ വീടിനുമുകളിലേയ്ക്കു മരം വീണ് വീട് തകര്‍ന്നു.തവനൂര്‍ ഇല്ലത്തപ്പടി  മേക്കാട്ട് സുനില്‍ കുമാറിന്റെ വീട് മരം വീണ് തകര്‍ന്നു. അയങ്കലത്ത്  റോഡിലേയ്്ക്കു മരം വീണും കടകശ്ശേരിയില്‍ തെങ്ങ് റോഡിലേയ്ക്കു പുഴകി വീണും ഗതാഗതം തടസപ്പെട്ടു. വട്ടംകുളം പഞ്ചായത്തിലെ എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര ഉഷയുടെ വീട് തെങ്ങു വീണ് തകര്‍ന്നു.
കണ്ടനകം കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക് ഷോപ്പ് പറമ്പിലെ കൂറ്റന്‍ മരം കടപുഴകി വീണു. മേഖലയിലെ ഒട്ടേറെ നേന്ത്രവാഴത്തോട്ടങ്ങളില്‍ കാറ്റ് നാശം വിതച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ വൈദ്യുതിലൈ—നുകളില്‍ പതിച്ചും മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ രാവിലെ നടുവട്ടം തണ്ണീര്‍ക്കോട് റോഡിലെ കുറ്റിപ്പാലയില്‍ റോഡോരത്ത് നിന്നിരുന്ന കൂറ്റന്‍ വാകമരം കടപുഴകി റോഡിനു കുറുകേ വീണ് വൈദ്യുതി ലൈനും വൈദ്യുത കാലും തകര്‍ന്നു. പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചങ്ങരംകുളം പോലിസും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചത്.
കണ്ടനകം മണ്ണാരതോട്ടിലൂടെ ഒഴുകിയെത്തിയ മാലിന്യം ഓവുപാലത്തിനു സമീപത്തെ നേന്ത്രവാഴത്തോട്ടങ്ങളിലേയ്ക്കു കയറിയതിനെ തുടര്‍ന്ന് വാഴകളില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ചിട്ടുണ്ട്. മൂതുര്‍ പാലപ്രയില്‍ വൈദ്യുതി ലൈനിനുമുകളിലേയ്ക്കു മരക്കൊമ്പ് മുറിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നേന്ത്രവാഴത്തോട്ടങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കൃഷി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്.
ചങ്ങരംകുളം പള്ളിക്കരയില്‍ കനത്ത മഴയില്‍ മരം  വീണ് വീട് തകര്‍ന്നു. പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലാണ് തെക്കുമുറി പള്ളിക്കരയില്‍ വാക്കാട്ട് പറമ്പില്‍ പനങ്ങാടന്റെ വീടിനു മുകളില്‍ സമീപത്തു നിന്നിരുന്ന പ്ലാവ് കട പുഴകി വീഴുകയായിരുന്നു.
തിരുര്‍: കനത്ത മഴയിലും കാറ്റിലും കെഎസ്ഇബി തിരൂര്‍ സര്‍ക്കിള്‍ ഓഫിസിനു കീഴിലുള്ള തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി ഡിവിഷന്‍ ഓഫിസുകളുടെ പരിധിയില്‍ കനത്ത നാശനഷ്ടമാണുണ്ടായി.13 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചു. 180 ഓളം പോസ്റ്റുകള്‍ തകര്‍ന്നു.14 ഇടത്ത് ഹൈ ടെന്‍ഷന്‍ ലൈനുകളും 1017 ഇടത്ത് ലോ ടെന്‍ഷന്‍ ലൈനുകളും പൊട്ടിവീണു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണാണ് കൂടുതല്‍ നാശനഷ്ടങ്ങളും വൈദ്യുതി തടസവും ഉണ്ടായിട്ടുള്ളത്. യുദ്ധകാലടിസ്ഥാനത്തില്‍ വൈദൃതി ബന്ധം പുനസ്ഥാപിക്കുന്നതിന് കഠിന പരിശ്രമമാണ് ബോര്‍ഡ് ജീവനക്കാരും കരാര്‍ ജീവനക്കാരും ചേര്‍ന്ന് നടത്തുന്നത്.
വൈദൃതി ലൈന്‍ പൊട്ടിവീഴുന്നതോ, അപകടസാധൃതയോ ശ്രദ്ധയില്‍ പെട്ടാല്‍ തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫിസിലോ 9496061061 എന്ന ഫോണ്‍ നമ്പറിലോ ഉടന്‍ അറിയിക്കണമെന്ന് തിരൂര്‍ ഇലക്ടിക്കല്‍ സര്‍ക്കിള്‍ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അഭൃര്‍ഥിച്ചു.
Next Story

RELATED STORIES

Share it