Pathanamthitta local

കാറ്റും മഴയും: ജില്ലയില്‍ ദുരിതമൊഴിയുന്നില്ല

പത്തനംതിട്ട: കാറ്റും മഴയും തുടരുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതമായി. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വീശിയടിച്ച കാറ്റ് ഇന്നലെയും വ്യാപകമായ നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. നിരവധി വീടുകളും കാറ്റില്‍ തകര്‍ന്നു. ജില്ലയില്‍ വ്യാപകമായി വൈദ്യുതി തൂണുകള്‍ തകര്‍ന്നത് വൈദ്യുതി വിതരണം താറുമാറാക്കി. പലപ്രദേശങ്ങളിലും ഇന്നലെയും വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. നൂറുകണക്കിന് പോസ്റ്റുകള്‍ തകര്‍ന്നതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മഴയില്‍ വീശിയടിച്ച കാറ്റില്‍ കൂറ്റന്‍ തേക്ക് മരം വീണ് വീടു തകര്‍ന്നു. അടൂര്‍ പന്നിവിഴ വാര്യത്ത് വടക്കേതില്‍ രാജേന്ദ്രന്റെ വീടാണ് തകര്‍ന്നത്. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന തേക്കാണ് കടപുഴകിയത്. സമയത്ത് വീടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. തേക്കുതോട്, തണ്ണിത്തോട് മലയോര മേഖലയിലും നിരവധി വീടുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. തേക്കുതോട് മൂഴി തൂക്കനാല്‍ മാത്തുക്കുട്ടി, കരിമാന്‍തോട് ഉഷാവിലാസം തങ്കമ്മ എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. റോഡില്‍ മരങ്ങള്‍ വീണ് ഗവിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
കോഴഞ്ചേരിയില്‍ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിനെതുടര്‍ന്ന് മരങ്ങള്‍ വീണ് തടസ്സപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും  പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.  കെഎസ്ഇബിയുടെ കുമ്പനാട് സെക്ഷന്‍ ഓഫിസിന്റെ കീഴില്‍ മാത്രം 50 സ്ഥലങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ മുറിഞ്ഞത്. മുപ്പതോളം സാധാരണ പോസ്റ്റുകളും, 11 കെവി വൈദ്യുതി കമ്പി കടന്നുപോകുന്ന മുപ്പത്തിയഞ്ചിലധികം പോസ്റ്റുകളും മല്ലപ്പള്ളിയില്‍ നിന്നും കുമ്പനാട്ടേക്കുള്ള 33 കെവി വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പോസ്റ്റും തകര്‍ന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ അമ്പതിലധികം ജീവനക്കാരാണ് രംഗത്തുള്ളത്.
നവീകരണം നടത്തുന്നതിനിടയില്‍ ടി കെ റോഡില്‍ പുല്ലാടിനും മുട്ടുമണ്ണിനും മധ്യേ തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നത് നവീകരണ ജോലിയെ പ്രതികൂലമായി ബാധിച്ചു.
Next Story

RELATED STORIES

Share it