thrissur local

കാറ്റും മഴയും: കൊടുങ്ങല്ലൂരില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു; കടല്‍ക്ഷോഭ ഭീഷണിയില്‍ തീരമേഖല

കൊടുങ്ങല്ലൂര്‍/ ചേറ്റുവ: ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പുറത്ത് മൂന്നു വീടുകളുടെ മേല്‍ മരം വീട് വീടുകള്‍ തകര്‍ന്നു. ചാലക്കുളം കുറ്റപ്പറമ്പില്‍ ശശി, കുര്യാപ്പിള്ളി ലത്തീഫ, പുഴങ്കര ജഗതി എന്നിവരുടെ വീടുകള്‍ക്കു മേലെയാണ് മരം വീണത്. ആര്‍ക്കും പരിക്കില്ല. മരം വീണതിനെ തുടര്‍ന്ന് മറ്റൊരു വീടിന്റെ ഷീറ്റ് മേല്‍ക്കുരയും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റാണ് അപകടമുണ്ടാക്കിയത്.
ചാലക്കുളം പ്രദേശത്ത് വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. നിരവധി വീടുകളുടെ മതിലുകളും വിറകുപുരയും തകര്‍ന്നു. അതിനിടെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വേലിയേറ്റവും കടല്‍ക്ഷോഭവും ശക്തമായിട്ടുണ്ട്. കടപ്പുറം പഞ്ചായത്തിലെ ചേറ്റുവ അഴിമുഖത്തും വേലിയേറ്റം ശക്തമായിട്ടുണ്ട്. ന്യൂനമര്‍ദ്ദനത്തെ തുടര്‍ന്ന് അഴിയുടെ വടക്ക് ഭാഗം മുതല്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെയാണ് കുഴിപ്പന്‍ തിരമാലകളുടെ വേലിയേറ്റം അനുഭവപ്പെട്ടത്. കടല്‍ഭിത്തി കവിഞ്ഞ് കടല്‍വെള്ളം കയറിയതോടെ അഴിയുടെ വടക്കു ഭാഗത്തുള്ള നിരവധി ഓലമേഞ്ഞ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. അഞ്ചങ്ങാടി വളവ് ഭാഗത്ത് തകര്‍ന്ന കടല്‍ഭിത്തിയുടെ മുകളിലൂടെ ആഞ്ഞടിച്ച തിരമാലകള്‍ അഹമ്മദ് ഗുരുക്കള്‍ റോഡ് വരെ എത്തി. അഴിമുഖത്തിനടുത്ത് പണിതിരുന്ന പുലിമുട്ട് ശക്തിയായ തിരമാലയില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
പുലിമുട്ടിന്റെ പാറക്കല്ലുകള്‍ ഇളകി വീഴാന്‍ തുടങ്ങിയതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ് കഴിയുന്നത്.
ചേറ്റുവ പുഴയ്ക്കും അഴിമുഖത്തിനും സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്ന തീരദേശ പോലിസ് സ്‌റ്റേഷന്റെ കെട്ടിടത്തിലേക്കും തിരമാലകള്‍ അടിച്ചുകേറികൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ പുറകിലുള്ള സെപ്റ്റിക് ടാങ്ക് തിരമാലകള്‍ അടിച്ചു കയറി തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
ശക്തിയായ തിരമാലയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പണി കഴിപ്പിച്ച പോലിസ് സ്റ്റേഷന്‍ തകര്‍ച്ചയുടെ വക്കിലാണ്. തിരമാലകള്‍ വന്നടിക്കുന്ന ഭാഗം അടിയന്തിരമായി കരിങ്കല്ല് കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ ഏത് നിമിഷവും പോലിസ് സ്‌റ്റേഷന്‍ കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it