palakkad local

കാറ്റും മഴയും: അട്ടപ്പാടിയില്‍ കനത്ത നാശം

പാലക്കാട്: ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയുടെ പല ഭാഗങ്ങളില്‍ വന്‍ നാശ നഷ്ടം. അട്ടപ്പാടിയിലാണ് മഴ ഏറെ നാശം വിതച്ചത്. പലയിടങ്ങലിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. മരങ്ങള്‍ പൊട്ടിയും കടപുഴകിയും വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. നെല്ലിയാമ്പതിയില്‍ ടെലഫോണ്‍ ബന്ധം നിലച്ചു. തോടുകളും ഇറിഗേഷനന്‍ കനാലുകളും നിറഞ്ഞൊഴുകിയത് ഏറെ ദുരിതം വിതച്ചു. കൊല്ലങ്കോട്ടും അട്ടപ്പാടിയിലും മരം വീണു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
ചിറ്റൂരില്‍ ജല സേചന കനാല്‍ അടഞ്ഞ് റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. 11 ാം തിയ്യതി വരേ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷവും കാറ്റും അടുത്ത രണ്ടു ദിവസം കൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അട്ടപ്പാടി അഗളിയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വരംഗപാടി ഊരിലെ ഓമനയുടെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് ഭാഗികമായി വീട് തകര്‍ന്നു. ഇന്നലെ വെളുപ്പിന് രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം. ഈ സമയം വീടിനുളളില്‍ ഓമന, മകന്‍ സാബുവും ഭാര്യയും രണ്ട് കുട്ടികളും വീടിനുളളില്‍ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അപകടത്തില്‍ അഞ്ചു പേരും രക്ഷപ്പെട്ടത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
സംഭവമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ വാര്‍ഡ് മെംബര്‍ സനോജ് ഷോളയൂര്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വേണ്ടി ഗ്രാമപ്പഞ്ചായത്തില്‍ നിന്നും റവന്യു അധികാരികളുമായും ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്നും ഉറപ്പു നല്‍കി. ശക്തമായ കാറ്റിലും മഴയിലും മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്കുളള മുക്കാലി, ചുരംറോഡിന് മുകളില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടിയന്തിരമായി മരം മുറിച്ച് വഴി തടസ്സം മാറ്റിയതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ചുരംം റോഡില്‍ ഉണ്ടാകുന്ന മാര്‍ഗ്ഗതടസ്സം നീക്കുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മണ്ണാര്‍ക്കാട് ഡി എഫ് ഒ വി പി ജയപ്രകാശ് അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കുലയ്ക്കാറായ വാഴകള്‍, കുലച്ച് പകുതിയോളമെത്തിയ വാഴകള്‍, തെങ്ങ് തുടങ്ങി കാര്‍ഷിക വിളകള്‍ കാറ്റിലും മഴയിലും പെട്ട് നശിച്ചു. കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതി ബന്ധം ഭാഗീകമായി നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വേണ്ടി കെ എസ് ഇ ബി ജീവനക്കാര്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി എക്‌സി.എഞ്ചിനിയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it