palakkad local

കാറ്റിലും മഴയിലും വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു

പാലക്കാട്: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ പലയിടത്തും  വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ മരം വീണ് മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു. കണ്ണാടി, യാക്കര, വടക്കഞ്ചേരി, കെഴിഞ്ഞാമ്പാറ, വാളയാര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ നാശമുണ്ടായി. കാഴ്ചപറമ്പ്, പാത്തിക്കല്‍ പറക്കുളം, വടക്കുമുറി, കണ്ണാടി ഹയര്‍ സെക്കന്‍ഡറിക്ക് സമീപത്തും നിരവധി മരം കടപുഴകി വീണു. പാത്തിക്കലില്‍ വീടിനുമുകളില്‍ മരം വീണ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീടിനു മുന്‍വശത്തുണ്ടായിരുന്ന കൂറ്റന്‍ വാകമരം കടപുഴകിവീണാണ് അപകടം.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. പരിക്കേറ്റ കൃഷ്ണനെയും ശാന്തയെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങും മരവും വീണ് 20ഓളം വീടുകള്‍ക്ക് കേട്പാട് പറ്റിയിട്ടുണ്ട്. പാത്തിക്കല്‍ വില്ലേജ് ഓഫിസിനു സമീപം ശാന്തകുമാരന്‍ എന്നയാളുടെ വാടക കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. നൂറുമീറ്ററോളം പറന്ന് റോഡിനപ്പുറം വയലിലാണ് മേല്‍ക്കൂര വീണത്.
സോമനാഥന്റെ മരമില്ലും തൃപ്പല്ലൂര്‍ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂരയും സ്‌റ്റേജും തകര്‍ന്നു. പറക്കുളത്ത് നിര്‍ത്തിയിട്ട കാറിനു മുകളില്‍ മരംവീണ് ചില്ല് തകര്‍ന്നു. മേഖലയില്‍ 60ല്‍പ്പരം വൈദ്യുതി പോസ്റ്റുകളും നിരവധി ടെലഫോണ്‍ പോസ്റ്റുകളും തകര്‍ന്നു. ബുധനാഴ്ചരാത്രി തടസ്സപ്പെട്ട വൈദ്യുതി ബന്ധം പലയിടത്തും ഇന്നലെ വൈകീട്ടോടെയാണ് പുനസ്ഥാപിച്ചത്. പാലക്കാട് താലൂക്കിലും കൊടുവായൂര്‍, ചിറ്റൂര്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. റവന്യൂ അധികൃതര്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it