palakkad local

കാറ്റിലും മഴയിലും വ്യാപക നാശം; ആലത്തൂരില്‍ 18 വീടുകള്‍ തകര്‍ന്നു

പാലക്കാട്: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ വേനല്‍ മഴയില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടം, പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി നിലച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റില്‍ മഴങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ പൊട്ടിവീണു. കാറ്റിനൊപ്പം പോയ വൈദ്യുതി അര്‍ധരാത്രിയോടെയാണ് പുനസ്ഥാപിച്ചത്.
ഗ്രാമീണ മേഖലയില്‍ ഇന്നു രാവിലെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. പാലക്കാട് നഗരത്തില്‍ കാറ്റില്‍ മരം വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. ആലത്തൂര്‍, തരൂര്‍,  തുടങ്ങി ഗ്രാമീണ മേഖലകളില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത് മുതലമട നണ്ടന്‍കിഴായ, കൊട്ടപ്പള്ളം, എസ്‌സി, എസ്ടി കോളനിയില്‍ നിരവധി വീടുകളാണ്  തകര്‍ന്നത്. കൊടുവായൂരില്‍ ആല്‍മരം കടപുഴകി വൈദ്യുതി  തൂണുകള്‍ നിലംപൊത്തി, നിരവധി വീടുകള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും വന്‍തോതില്‍ വാഴകൃഷി നാശം സംഭവിച്ചിട്ടുണ്ട്. പണിമുടക്കിന് തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥര്‍മാര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാത്തതിനാല്‍ നാശനഷ്ടം കണക്കെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആലത്തൂര്‍: ഞായറാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ആലത്തൂര്‍ താലൂക്കില്‍ വ്യാപക നാശം. 18 വീടുകള്‍ തകര്‍ന്നു. പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുത പോസ്റ്റുകള്‍ പൊട്ടി വീണു. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും വ്യാപകമായി നശിച്ചു. പുതിയങ്കം കാട്ടുശ്ശേരി വേലയ്ക്കായി കാവ്പറമ്പില്‍ കെട്ടിയ ആന പന്തല്‍ പൂര്‍ണമായും കാറ്റില്‍ നിലം പൊത്തി.
ലക്ഷങ്ങളുടെ നഷ്ടമാണ് സ ംഭവിച്ചത്. കാവശ്ശേരി പൂരത്തിന്റെ ആനപന്തല്‍ കാറ്റില്‍ ആലിലേക്ക് ചാഞ്ഞ് നിന്നു. തോണിപ്പാടം തോട്കാട്ടിലും കാവശ്ശേരി ഇരട്ടക്കുളത്തും ആലത്തൂര്‍ അരങ്ങാട്ടുപറമ്പിലും മരം പൊട്ടിവീണ് വൈദ്യുത പോസ്റ്റുകള്‍ പൊട്ടി. തേങ്കുറുശ്ശി വിളയന്‍ ചാത്തനൂരില്‍ മോഹനന്‍, വണ്ടാഴി നെല്ലിക്കോട്ടില്‍ ബീഫാത്തിമ, വടക്കഞ്ചേരി പയ്യകുണ്ട് തെക്കേവരിയില്‍ പഴനിമല, മംഗലം കിഴക്കേതറയില്‍ ഗോപി, കുനിശ്ശേരി അമ്മാട്ടില്‍ ഗംഗാധരന്‍, എരിമയൂര്‍ രവീന്ദ്രന്‍, കുഴല്‍മന്ദം കണ്ണനൂര്‍ മുത്തലാംകോട്ടില്‍ ചന്ദ്രന്‍, മഞ്ഞപ്ര തെക്കേതറയില്‍ ഏനു എന്ന മണി, കണ്ണബ്രയില്‍ സറീന, ആലത്തൂര്‍ വാനൂര്‍ രാമകൃഷ്ണന്‍, പൊട്ടിമടയില്‍ കോയുവിന്റെ ഭാര്യ പാറു, വെങ്ങന്നിയൂര്‍ മരുതക്കോട് കുഞ്ഞിവെള്ള, കാവശ്ശേരി എടത്തില്‍ കോളനിയില്‍ പെട്ട, കൃഷ്ണന്‍, രാധാകൃഷ്ണന്‍, ശിവന്‍, വിജയന്‍, ശശി എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. മരം പൊട്ടി വീണും കാറ്റില്‍ ഓട് പറന്ന് പോയുമാണ് നാശം സംഭവിച്ചത്.
Next Story

RELATED STORIES

Share it