wayanad local

കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

മാനന്തവാടി: കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലുമാണ് വെള്ളമുണ്ട, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് നേന്ത്രവാഴത്തോട്ടങ്ങള്‍ നിലംപൊത്തിയത്. പ്രദേശത്ത് 40 ഏക്കറോളം വയലില്‍ വാഴകൃഷി നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതാണ്.
മിക്ക തോട്ടങ്ങളിലും ഭാഗികമായി കൃഷി നശിച്ചു. പ്രദേശത്ത് 5,000ത്തോളം വാഴകളാണ് നിലംപൊത്തിയത്. മക്കിയാട് സ്വദേശി ബിനു, കണ്ടത്തുവയല്‍ മുസ്തഫ, ചെറ്റച്ചാല്‍ ഷിഹാസ്, ചെറുകര ബേബി മാത്യു, പടിഞ്ഞാറത്തറ കറുത്തേല്‍ സെബാസ്റ്റ്യന്‍, ചെന്നലോട് ചക്കാലക്കല്‍ സജി, ബിനീഷ് പതിനാറാംമൈല്‍, കല്ലിപ്പാടം വിനോദ് എന്നിവരുടെ വാഴകൃഷിയിലെ പകുതിയും കാറ്റില്‍ നിലംപൊത്തി. എട്ടു മാസം പിന്നിട്ട വാഴകളാണ് പ്രതിരോധ കമ്പികള്‍ തകര്‍ത്ത് മറിഞ്ഞു വീണത്.
10 മാസം പിന്നിട്ടാല്‍ മാത്രമേ വിളവെടുക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ വീണ വാഴകള്‍ക്ക് മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയേ ലഭിക്കൂ. നിലവില്‍ 160ഓളം രൂപ ഒരു വാഴയ്ക്കു വേണ്ടി ചിലവഴിച്ചു കഴിഞ്ഞ ശേഷമാണ് കൃഷിനാശമുണ്ടായത്.
സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിച്ചാല്‍ തന്നെ 100 രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. ഇതുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ലഭിക്കാത്ത കര്‍ഷകരുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കൂടുതല്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it