kannur local

കാറ്റിലും മഴയിലും മലയോര മേഖലയില്‍ വന്‍ നഷ്ടം

ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. വേനല്‍ മഴയോടൊപ്പമുണ്ടായ കാറ്റാണ് പലയിടത്തും നാശംവിതച്ചത്. ഓലയമ്പാടിയിലെ ഒ കെ തമ്പായി, എന്‍ കെ സോമന്‍ എന്നിവരുടെ വീടുകള്‍ മരം വീണുതകര്‍ന്നു.
ചട്ടിയോളിലെ വി കെ മനോജിന്റെ നേന്ത്രവാഴത്തോട്ടം കാറ്റില്‍ പൂര്‍ണമായും നശിച്ചു. ടി മൊയ്തുവിന്റെ നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. പെരുവാമ്പ, മേനോന്‍കുന്ന്, കൂത്തൂര്‍, കുളിയപ്രം, കോടന്നൂര്‍, കക്കറ, പുറവട്ടം തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായി കൃഷിനാശം സംഭവിച്ചു.
മടക്കാംപൊയിലിലെ മാണിയാടന്‍ പ്രസാദിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ വയറിങും വൈദ്യുതോപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും രണ്ടര ഏക്കറോളം പയര്‍ കൃഷി നശിച്ചു. ചെറുപുഴ പാണ്ടിക്കടവിലെ ഫ്രണ്ട്‌സ് സ്വാശ്രയ സംഘത്തിന്റെ കൃഷിയാണ് നിലംപൊത്തിയത്.
രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് സംഘം കൃഷി നടത്തിയത്. പയര്‍ പൂമൊട്ടിടാന്‍ തുടങ്ങിയ സമയത്താണ് കാറ്റും മഴയുമെത്തിയത്. ഒരു ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു. മറ്റിടങ്ങളില്‍ നശിച്ചതില്‍ കൂടുതലും തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍ തുടങ്ങിയ കൃഷിയാണ്. അതിനാല്‍ പല കൃഷിക്കാരുടെയും ഒരു വര്‍ഷത്തെ ജീവിതപ്രതീക്ഷയാണ് കാര്‍ഷിക വിളകളുടെ നാശത്തിലൂടെ ഇല്ലാതായത്.
Next Story

RELATED STORIES

Share it