Editorial

കാറ്റിനോടെന്തേ പറഞ്ഞില്ല 'കടക്ക് പുറത്ത്'

കാറ്റിനോടും അഗ്്‌നിയോടും ജലത്തോടും പ്രാര്‍ഥിച്ചിട്ടൊന്നും കാര്യമില്ല. അരിശം മൂത്താല്‍ സര്‍വവും തച്ചുടയ്ക്കും. ലോകചരിത്രത്തില്‍ തന്നെ കാറ്റും തീയും ജലവും ദുരന്തം വിതച്ചതിന് ദൃഷ്ടാന്തങ്ങള്‍ ഏറെ. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട് ഭരിക്കുന്നവര്‍ രാജാവായാലും സുല്‍ത്താനായാലും മന്ത്രിമാരായാലും പ്രജകള്‍ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ കേരളംപോലൊരു സംസ്ഥാനത്ത് കൊടുങ്കാറ്റും പേമാരിയുമുണ്ടായാല്‍ ബുദ്ധിയുള്ള ഭരണാധികാരികള്‍ എന്താണു ചെയ്യുക? അതത് പ്രദേശത്തെ ജില്ലാ ഭരണകൂടങ്ങള്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം തുറന്നു ദുരിതബാധിതരെ സഹായിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. മന്ത്രിമാര്‍ ഇതൊക്കെ അവലോകനം ചെയ്ത് ആവശ്യമായ ഫണ്ട് നല്‍കും. ദുരിതം വിതച്ചിടത്ത് പറന്നെത്തും. കേന്ദ്ര വിഷയംകൂടിയാണെങ്കില്‍ പ്രധാനമന്ത്രിയെയും വിളിക്കും. സ്‌കൈമൈറ്റ് എന്ന കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി 29നു വൈകീട്ട് 6.11നു തന്നെ വരാന്‍ പോവുന്ന ഓഖി രൂക്ഷതയെക്കുറിച്ച് അറിയിച്ചു. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയും തുറമുഖ ഡയറക്ടറേറ്റും ഫിഷറീസ് ഡയറക്ടറേറ്റും ദുരന്തവിഷയം പരിഗണിച്ചതേയില്ല. ചീഫ് സെക്രട്ടറിക്ക് സന്ദേശം വായിച്ചിട്ട് മനസ്സിലായില്ലെന്നും മറ്റും ചില തര്‍ക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 29നു രാത്രി മുതല്‍ തീരദേശത്ത് കണ്‍ട്രോള്‍ റൂം തുറക്കുകയും വ്യോമസേനാ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോഴീ കേള്‍ക്കുംവിധം സംഭവങ്ങള്‍ ദുരിതമയമാവുമായിരുന്നില്ല. നാവികസേനയെയും എയര്‍ഫോഴ്‌സിനെയും രായ്ക്കുരാമാനം വിളിച്ച് രക്ഷാദൗത്യം ഏല്‍പ്പിക്കണമായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് രക്ഷാബോട്ടുകള്‍ കോസ്റ്റല്‍ പോലിസ് കരയില്‍ കെട്ടിയിട്ടിരിക്കുകയാണത്രേ!ശനിയാഴ്ച 11.35നാണ് സംസ്ഥാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കുമെന്നു പ്രഖ്യാപിക്കുന്നത്. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി അടക്കമുള്ളവര്‍ ദുരന്തം സംബന്ധിച്ച് വളരെ വൈകിയറിയുന്നു. ഇതില്‍പ്പരം ഒരു മന്ത്രിസഭയ്ക്ക് ലജ്ജിക്കാനും തലതാഴ്ത്താനും വേറെന്തുവേണം? ശരിയാണ്, ഒരു മന്ത്രിസഭയുടെ ബുദ്ധിബലം വളരെ പ്രധാനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രമേല്‍ കഴിവുകുറഞ്ഞ മന്ത്രിമാര്‍ അംഗങ്ങളായ ഒരു മന്ത്രിസഭയ്ക്ക് ഇത്രയൊക്കെയേ ചെയ്യാനാവൂ. രാജിവയ്ക്കലാണ് മന്ത്രിസഭാംഗങ്ങളുടെ പ്രധാന കലാപരിപാടി. മൂന്നെണ്ണമല്ലേ ഒന്നരവര്‍ഷത്തിനിടെ ഞെട്ടറ്റുവീണത്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കാണെന്നൊക്കെ സഖാക്കള്‍ക്ക് ഫഌക്‌സ് എഴുതി കവലകളില്‍ തൂക്കാമെന്നല്ലാതെ ഭരണനിര്‍വഹണങ്ങളില്‍ ഒരു 'ചുക്കും' കൃത്യമായി സംഭവിക്കുന്നില്ല. തൊട്ടടുത്ത തമിഴ്‌നാടിനെയും കൊടുങ്കാറ്റ് ബാധിച്ചു. മിനിറ്റുകള്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ തീരഗ്രാമങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. തമിഴ് ജനതയെ പരിഹസിക്കുന്നതില്‍ മുമ്പന്‍മാരാണല്ലോ കേരളീയര്‍. ഇവിടത്തെ രാഷ്ട്രീയ പ്രബുദ്ധത തമിഴന്‍മാര്‍ക്കുണ്ടോ എന്നും മറ്റും ചിലര്‍ വീമ്പിളക്കുന്നതു കേള്‍ക്കാറുണ്ട്. ചുട്ടുപൊള്ളുന്ന മുഖ്യമന്ത്രിക്കസേരയിലാണ് എടപ്പാടി പളനിസ്വാമി അവിടെ ഇരിക്കുന്നത്. പക്ഷേ, ദുരന്തനിവാരണത്തിന് തൂത്തുക്കുടി മുതല്‍ അദ്ദേഹത്തിന്റെ അന്വേഷണമെത്തി. ചെന്നൈ തീരപ്രദേശങ്ങളില്‍ അദ്ദേഹവും ഉദ്യോഗസ്ഥവൃന്ദവും തല്‍ക്ഷണം കരയ്ക്കണഞ്ഞു. ഹെലികോപ്റ്ററുകള്‍ പറന്നെത്തി. ഇവിടെ 'മൂലധന'ത്തിന്റെ 150ാം വാര്‍ഷികവുമായി ഭരണകക്ഷി. പ്രതിപക്ഷമാവട്ടെ പടയൊരുക്കത്തിനു ലഭിച്ച വേഷ്ടിയും ഷാളുകളുമായി അഗതിമന്ദിരങ്ങള്‍ അന്വേഷിച്ച് അലയുകയായിരുന്നു. ശനിയാഴ്ച രാത്രി 11 വരെയുള്ള കണക്കനുസരിച്ച് കോടാനുകോടിക്കടുത്താണ് നാശനഷ്ടങ്ങളുടെ ഏകദേശ വിവരം. കടലും കായലുമില്ലാത്ത ഇടുക്കിയിലുമുണ്ടായി നാലു കോടിയുടെ നഷ്ടം. ഫിഷറീസ് വകുപ്പ് എന്ന വെള്ളാനയെ ചങ്ങലയ്ക്കിടേണ്ട കാലം അതിക്രമിച്ചു. പാവം മല്‍സ്യത്തൊഴിലാളികളെ പല കാരണങ്ങള്‍ പറഞ്ഞ് ഊറ്റിപ്പിഴിയാനല്ലാതെ കേരളത്തിന്റെ തീരദേശങ്ങള്‍ക്കായി എന്തെങ്കിലും നല്ലതു ചെയ്യാന്‍ ഈ ദുരന്തനാളുകളില്‍പ്പോലും ഫിഷറീസ് ഡയറക്ടറേറ്റിനായിട്ടില്ല. മല്‍സ്യത്തൊഴിലാളിയുടെ ജീവിതം കടലിലെ തിരമാലപോലെയാണ്. കിട്ടുമ്പോള്‍ ഒന്നിച്ചൊരാഘോഷമാണ്. ദുരന്തം വരുമ്പോഴാവട്ടെ കണ്ണീരും കൈയുമായി വെള്ളാനക്കൂട്ടങ്ങളായ ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഗേറ്റിങ്കല്‍ കരഞ്ഞു കാലുപിടിക്കലും നെഞ്ചത്തടിയും ഉപരോധങ്ങളും സ്ഥിരം.                           ി
Next Story

RELATED STORIES

Share it