Second edit

കാറ്റലോണിയ



ഞായറാഴ്ചയാണു കാറ്റലോണിയയില്‍ ജനകീയ ഹിതപരിശോധന നടന്നത്. സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്ര രാജ്യമാവണോ എന്നതായിരുന്നു വിഷയം. ഏതാണ്ട് 40 ശതമാനത്തിലധികം ജനം വോട്ടെടുപ്പില്‍ പങ്കെടുത്തു. അതില്‍ 90 ശതമാനത്തിലേറെ പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണത്രേ വോട്ട് ചെയ്തത്. ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ യൂനിയന്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് കാറ്റലോണിയയിലേത്. സ്വയംഭരണാധികാരമുള്ള പ്രദേശമാണ് കാറ്റലോണിയ. അതിനു സ്വന്തം പതാകയും പാര്‍ലമെന്റും പ്രസിഡന്റുമുണ്ട്. സ്‌പെയിനിന് കീഴിലുള്ള പ്രവിശ്യയാണെങ്കിലും അവര്‍ക്കു സ്വന്തമായി മിനി എംബസികള്‍ പോലുമുണ്ട് വിവിധ അയല്‍രാജ്യങ്ങളില്‍. എന്നാല്‍, മാഡ്രിഡ് ഭരണകൂടം തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് കാറ്റലോണിയക്കാര്‍ പറയുന്നത്. സ്‌പെയിനിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാറ്റലോണിയ സമ്പന്നമാണ്. അതിനാല്‍ അവരുടെ നികുതിവരുമാനവും വലുതാണ്. കേന്ദ്ര ഭരണകൂടത്തിന് കാറ്റലോണിയയില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തിന് അനുസൃതമായി തങ്ങള്‍ക്കു വികസനാനുകൂല്യം ലഭിക്കുന്നില്ല എന്നാണു പ്രധാന പരാതി. മാത്രമല്ല, സ്‌പെയിന്‍ ഭരണകൂടത്തിന്റെ പല സമീപനങ്ങളും കാറ്റലോണിയക്കാരെ പ്രക്ഷുബ്ധരാക്കുന്നു. കഴിഞ്ഞദിവസം ഹിതപരിശോധന തടയാന്‍ കടുത്ത പോലിസ് നടപടികളാണ് കേന്ദ്ര ഭരണകൂടം എടുത്തത്. നിരവധി പേര്‍ക്ക് പരിക്കു പറ്റി. ഇതെല്ലാം സ്‌പെയിനിന് എതിരായ ജനവികാരം കാറ്റലോണിയയില്‍ വളര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട് എന്നാണു നിരീക്ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it