Flash News

കാറ്റലോണിയ ഹിതപരിശോധന ഇന്ന്



ബാഴ്‌സലോണ: കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ച 2315 സ്‌കൂളുകളില്‍ പകുതിയോളവും സ്പാനിഷ് പോലിസ് പൂട്ടി മുദ്രവച്ചു. ഇന്നു രാവിലെ ഒമ്പതു മുതലാണ് വോട്ടെടുപ്പ് തീരുമാനിച്ചത്. കാറ്റലോണിയയെ സ്വതന്ത്രരാഷ്ട്രമാക്കി മാറ്റുന്നതിന് അഭിപ്രായം തേടുന്ന ഹിതപരിശോധന സ്പാനിഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പതിനായിരക്കണക്കിനു കാറ്റലോണിയക്കാര്‍ ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, സ്‌പെയിന്‍ ഭരണഘടനാ കോടതി തടഞ്ഞ ഹിതപരിശോധനയ്ക്ക് നിയമസാധുതയുണ്ടാവില്ല. രാജ്യത്തിന്റെ വടക്കുകിഴക്കുള്ള കാറ്റലോണിയന്‍ മേഖലയില്‍ സ്പാനിഷ് സര്‍ക്കാര്‍ ആയിരക്കണക്കിന് പോലിസുകാരെ അധികമായി വിന്യസിച്ചു. അതേസമയം, വോട്ടെടുപ്പിനായി സജ്ജീകരിച്ച 163 സ്‌കൂളുകളില്‍ ഹിതപരിശോധനയെ അനുകൂലിക്കുന്നവര്‍ നിലയുറപ്പിച്ചതായ പോലിസ് അറിയിച്ചു. കൂടുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ഹിതപരിശോധനാ അനുകൂലികള്‍ രാത്രി പ്രവേശിക്കാന്‍ സാധ്യതയുള്ളതായും ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹിതപരിശോധനയെ അനുകൂലിച്ച് വെള്ളിയാഴ്ച കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സലോണയില്‍ സംഘടിപ്പിച്ച റാലിയില്‍ 10,000ലധികം പേര്‍ പങ്കെടുത്തു. ഹിതപരിശോധനയില്‍ എത്രപേര്‍ പങ്കെടുത്താലും ഭൂരിപക്ഷം യെസ് വോട്ടുകള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടാവുമെന്ന് കാറ്റലന്‍ നേതാവ് ചാള്‍സ് പ്വിഗ്‌ദെമോന്ത് റാലിയെ അഭിസംബോധന ചെയ്തു പ്രഖ്യാപിച്ചിരുന്നു. മാഡ്രിഡിലെ സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാലും ഹിതപരിശോധന തടയാനാവില്ലെന്നു കാറ്റലോണിയ വിദേശകാര്യമന്ത്രി റൗള്‍ റൊമേവ പ്രതികരിച്ചു.75 ലക്ഷത്തോളമാണ് കാറ്റലോണിയയിലെ ജനസംഖ്യ. ഇതില്‍ 41.1 ശതമാനം പേര്‍ ഹിതപരിശോധനയെ അനുകൂലിക്കുന്നതായും 49.4 ശതമാനം പേര്‍ എതിര്‍ക്കുന്നതായും ഈ വര്‍ഷം ജൂലൈയില്‍ സര്‍വേഫലം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it