Flash News

കാറ്റലോണിയ : ബാഴ്‌സിലോനയിലും മാഡ്രിഡിലും റാലികള്‍



മാഡ്രിഡ്/ബാഴ്‌സിലോന: കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം ഉടനുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലും കാറ്റലന്‍ തലസ്ഥാനമായ ബാഴ്‌സിലോനയിലും സംഘടിപ്പിച്ച റാലികളില്‍ പതിനായിരക്കണക്കിനുപേര്‍ പങ്കാളികളായി. കാറ്റലോണിയ സ്വാതന്ത്ര്യത്തില്‍ ചര്‍ച്ച നടത്തണമെന്ന് സ്പാനിഷ് നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റാലി. നമുക്ക് ചര്‍ച്ചചെയ്താലോ എന്നു ചോദിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് വെള്ളവസ്ത്രം ധരിച്ചു റാലിയില്‍ പങ്കെടുക്കുന്നവര്‍ ഇരുനഗരങ്ങളിലുമെത്തിയത്. സ്‌പെയിനിന്റെയോ കാറ്റലോണിയയുടെയോ പതാകകള്‍ റാലിക്ക് കൊണ്ടുവരരുതെന്നു സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. മാഡ്രിഡില്‍ കാറ്റലോണിയ സ്വാതന്ത്ര്യത്തെ എതിര്‍ത്തും റാലി നടന്നിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മുന്നോട്ടുപോവാനാണ് കാറ്റലോണിയന്‍ നേതാക്കളുടെ തീരുമാനം. സ്‌പെയിനിലെ വടക്കുകിഴക്കന്‍ സ്വയംഭരണമേഖലയായ കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളിലുണ്ടാവുമെന്നാണു കരുതുന്നത്. സ്‌പെയിനില്‍ നിന്നു വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള പ്രദേശം സ്വതന്ത്രരാജ്യമാവേണ്ടതുണ്ടെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നു. ചര്‍ച്ചകള്‍ക്ക് പ്രതിജ്ഞാബദ്ധത കാണിക്കേണ്ടതുണ്ടെന്ന് കാറ്റലോണിയ സ്വാതന്ത്ര്യമുന്നേറ്റത്തില്‍ പങ്കാളിയായ സംഘടനകള്‍ അഭിപ്രായപ്പെട്ടു. കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധനയുടെ തുടര്‍നടപടികളില്‍നിന്നു പിന്‍മാറില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാറ്റലോണിയ ഹിതപരിശോധന. സ്പാനിഷ് സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ 22 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇതില്‍ 90 ശതമാനവും കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചിരുന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യനീക്കത്തെ എതിര്‍ക്കുന്ന സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റാജോയ് ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള നിര്‍ദേശങ്ങളും അവഗണിക്കുകയാണ്. കാറ്റലോണിയന്‍ നേതാവ് കാള്‍സ് പ്വിഗ്‌ദെമോന്ദ് നാളെ പ്രാദേശിക പാര്‍ലമെന്റില്‍ സ്വാതന്ത്ര്യപ്രഖ്യാപന ചര്‍ച്ച ആരംഭിക്കുമെന്നായിരുന്നു മുന്‍തീരുമാനം. എന്നാല്‍, പിന്നീട് ഇത് ചൊവ്വാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ചത്തെ കാറ്റലന്‍ പാര്‍ലമെന്റ് യോഗത്തിനെതിരേ സ്പാനിഷ് സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it