World

കാറ്റലോണിയയില്‍ സ്വാതന്ത്ര്യവാദികള്‍ക്കു ഭൂരിപക്ഷം

ബാഴ്‌സലോണ: കാറ്റലോണിയയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടി. കാറ്റലോണിയയുടെ ഭാവി നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയത് സ്‌പെയിന്‍ ഭരണകൂടത്തിനും യൂറോപ്യന്‍ യൂനിയനും കനത്ത തിരിച്ചടിയായി. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന കാര്‍ലേസ് പ്യൂജിമോണ്ടിന്റെ ടുഗതര്‍ ഫോര്‍ കാറ്റലോണി (ജെഎക്‌സ്‌കാറ്റ്), റിപബ്ലിക്കന്‍ ലെഫ്റ്റ് ഓഫ് കാറ്റലോണിയ, പോപുലര്‍ യൂനിറ്റി പാര്‍ട്ടി (സിയുപി) എന്നിവ ചേര്‍ന്ന് 70 സീറ്റുകളുടെ ഭൂരിപക്ഷം നേടി. മൊത്തം 135 സീറ്റുകളാണ് ഉള്ളത്. എന്നാല്‍, ഐക്യസ്‌പെയിന് ഒപ്പം നില്‍ക്കുന്ന സിറ്റിസണ്‍ പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. സിറ്റിസണ്‍ പാര്‍ട്ടി 37 സീറ്റ് നേടി. ആദ്യമായാണ് സിറ്റിസണ്‍സ് പാര്‍ട്ടി കാറ്റലോണിയയില്‍ ഏറ്റവും വലിയ കക്ഷിയാവുന്നത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശം ആര്‍ക്കായിരിക്കുമെന്നതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പുജിമോണ്ടിന്റെ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.  ഇതോടെ, സ്‌പെയിന്‍ സര്‍ക്കാരും കാറ്റലോണിയന്‍ ജനതയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവും. തിരഞ്ഞെടുപ്പില്‍ സ്‌പെയിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പുറത്താക്കപ്പെട്ട പ്രസിഡന്റ് കാര്‍ലേസ് പ്യൂജിമോണ്ട് അഭിപ്രായപ്പട്ടു. ഇതു കാറ്റലന്‍ റിപബ്ലിക്കിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. അതേമസയം, സഖ്യ സര്‍ക്കാര്‍ രൂപീകരണം പ്രയാസമായിരിക്കുമെങ്കിലും അതിനു ശ്രമിക്കുമെന്നു സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ഇനേസ് അറിമാഡസ് അറിയിച്ചു. കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാര്‍ സ്വാത്രന്ത്യ പ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്ന് സ്‌പെയിന്‍ കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയും കേന്ദ്രഭരണത്തിനു കീഴിലാക്കുകയും ചെയ്തിരുന്നു. പ്യൂഗ്ഡിമോണ്ടും മറ്റു നാലു മന്ത്രിമാരും ബെല്‍ജിയത്തിലേക്ക് രക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it