Flash News

കാറ്റലന്‍ പാര്‍ലമെന്റ് സമ്മേളനത്തിന് സ്പാനിഷ് കോടതിയുടെ വിലക്ക്



ബാഴ്‌സിലോന: കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി തിങ്കളാഴ്ച നടക്കാനിരുന്ന കാറ്റലന്‍ പാര്‍ലമെന്റ് സമ്മേളനത്തിനു സ്പാനിഷ് ഭരണഘടനാ കോടതിയുടെ വിലക്ക്. അത്തരമൊരു നീക്കം ഭരണഘടനാ ലംഘനമാണെന്നു കോടതി അറിയിച്ചു. സ്വാതന്ത്യ പ്രഖ്യാപനം നടത്തുന്നതിനെതിരേ കാറ്റലോണിയ പ്രദേശിക സര്‍ക്കാരിന് സ്‌പെയിന്‍ പ്രധാനമന്ത്രി മറിയോ റജോയ് മുന്നറിയിപ്പു നല്‍കിയിരുന്നു. കാറ്റലോണിയയില്‍ സ്‌പെയിന്‍ സൈനികരെ വിന്യസിച്ചു.  സ്വാതന്ത്യ പ്രഖ്യാപനമുണ്ടാവുമെന്ന കാറ്റലോണിയന്‍ നേതാക്കളുടെ അറിയിപ്പിനു ശേഷമാണു പ്രദേശത്തേക്കു സ്പാനിഷ് സര്‍ക്കാര്‍ നൂറുകണക്കിനു സൈനികരെ അയച്ചത്. ഞായറാഴ്ച നടന്ന കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധന തടയാനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമായിരുന്നു. കാറ്റലോണിയ സ്വാതന്ത്ര്യ അനുകൂലികള്‍ക്കെതിരായ പോലിസ് ലാത്തിച്ചാര്‍ജിലും റബര്‍ ബുള്ളറ്റ് പ്രയോഗത്തിലും 900ത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വോട്ട് ചെയ്യാനെത്തിയവരെ പോലിസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെയും ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും മുടിക്കു പിടിച്ചുവലിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. പോലിസ് അതിക്രമങ്ങള്‍ക്കെതിരേ കാറ്റലോണിയന്‍ തലസ്ഥാനം ബാഴ്‌സിലോനയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കാളികളായി. 22 ലക്ഷം പേരാണു സ്പാനിഷ് സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്തത്. ഇതില്‍ 90 ശതമാനം പേരും കാറ്റലോണിയ സ്വതന്ത്രമാവുന്നതിനെ അനുകൂലിച്ചിരുന്നു. കഴിഞ്ഞദിവസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണു കാറ്റലന്‍ നേതാവും കാറ്റലോണിയ ജനറലിയേറ്റ് (പ്രാദേശിക ഭരണസമിതി) പ്രസിഡന്റുമായ കാള്‍സ് പ്വിഗ്‌ദെമോന്ദ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹിതപരിശോധനയ്ക്കു മുമ്പുതന്നെ 10,000ത്തിലധികം പോലിസുകാരെ കാറ്റലോണിയയില്‍ വിന്യസിച്ചിരുന്നു. 20 ട്രക്കുകളടങ്ങിയ രണ്ടു സൈനിക വാഹനവ്യൂഹത്തെ ബാഴ്‌സിലോനയിലേക്ക് അയക്കാന്‍ സ്പാനിഷ് പ്രതിരോധ മേധാവി ഉത്തരവിട്ടതായി എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ പത്രം റിപോര്‍ട്ട് ചെയ്തു. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും നൂറുകണക്കിനു സൈനികരെ കാറ്റലോണിയയിലേക്ക് അയച്ചതായാണു പ്രാഥമിക വിവരം. സാരാഗോസ സൈനിക ആസ്ഥാനത്തു നിന്നുള്ളവരെയാണു കാറ്റലോണിയയിലേക്ക് അയക്കുന്നത്. പോലിസിനും അര്‍ധസൈനിക വിഭാഗമായ ഗാര്‍ഡിയ സിവിലിനും പിന്തുണ നല്‍കാനാണു സൈന്യത്തെ അയക്കുന്നതെന്നാണു സ്പാനിഷ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇറാഖിലും അഫ്ഗാനിലും സൈനികനീക്കങ്ങളില്‍ പങ്കാളികളായ സ്‌പെയിനിന്റെ ഗ്രൂപ്പ് 41 റെജിമന്റ് അംഗങ്ങളും കാറ്റലോണിയയിലേക്ക് അയച്ചവരില്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it