kozhikode local

കാറുമായി വിദ്യാര്‍ഥികളുടെ മല്‍സരയോട്ടം; അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്ക്

കോഴിക്കോട്: രണ്ടു കാറുമായി റോഡിലിറങ്ങി മല്‍സരിച്ച വിദ്യാര്‍ഥികള്‍ വരുത്തിയ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ തൊണ്ടയാട് ജങ്ഷനില്‍ വച്ചാണ് വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ജീപ്പ്, രണ്ടു ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെ നാലു വാഹനങ്ങളില്‍ ഇടിച്ചത്. ചുവന്ന സിഗ്‌നല്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വാഹനങ്ങളിലാണ് ഇടിച്ചത്. ഓട്ടോറിക്ഷയിലേയും ബൈക്കിലേയും യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷാ യാത്രക്കാരനായ ചേലേമ്പ്ര സ്വദേശി കുഞ്ഞുമൊയ്തീന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി പാത്തിക്കല്‍ വീട്ടില്‍ വിനീഷ്(29) എന്നിവര്‍ക്കാണ് പരുക്ക്. വിനീഷിനൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വധു കോട്ടക്കല്‍ സ്വദേശിനി സിഞ്ചു പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉള്‍പ്പെടെയുള്ള നാല് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അമിതവേഗതയിലും അശ്രദ്ധയോടെയുമാണ് കാറുകള്‍ രണ്ടും തൊണ്ടയാട് ഭാഗത്തേയ്ക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലൈസന്‍സില്ലാതെ മെഡിക്കല്‍ കോളജ് ഹൗസിങ് കോളനിയിലെ വിദ്യാര്‍ഥി ഓടിച്ച കെ എല്‍.11 എ വി 3000 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിനിടയാക്കിയത്. ഈ രണ്ടു കാറുകളിലും സഹപാഠികളാണ് ഉണ്ടായിരുന്നതെന്ന് സിറ്റി ട്രാഫിക് പോലിസ് അറിയിച്ചു. സിറ്റി ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സി അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള ട്രാഫിക് പോലിസ് എത്തി അപകടത്തിനിടയാക്കിയ കാറ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it