കാറില്‍ കടത്തിയ രണ്ടര കോടി രൂപ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

എടക്കര: കാറില്‍ കടത്തുകയായിരുന്ന രണ്ടരക്കോടി രൂപയുമായി മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കാര്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കണ്ണംപള്ളിയാലില്‍ മുഹമ്മദ് നിസാര്‍(27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ(37), കോട്ടക്കല്‍ പുത്തൂര്‍ ലാളക്കുണ്ടില്‍ അല്‍ത്തിഫ്(31) എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെ എട്ടരയോടെ വഴിക്കടവ് ആനമറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു രൂപീകരിച്ച പോലിസിന്റെ അതിര്‍ത്തി പരിശോധനാ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
ടിഎന്‍ 01-എവി 5952 ഹോണ്ട സിറ്റി കാറിലെത്തിയ യുവാക്കളുടെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കുഴല്‍പ്പണത്തിന്റെ വിവരമറിയുന്നത്. അങ്ങാടിപ്പുറം സ്വദേശിയായ അന്‍വര്‍ സാദത്ത് എന്നയാള്‍ക്ക് എത്തിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നു പണമെന്ന് പ്രതികള്‍ മൊഴിനല്‍കി. ബംഗളൂരുവിലെ ഒരു ഹിന്ദിക്കാരനാണ് പണം നല്‍കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പണമെത്തിക്കുന്നതിന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍, പ്രതികള്‍ സ്ഥിരമായി കുഴല്‍പ്പണ ഇടപാട് നടത്തുന്നവരാണെന്ന് പോലിസ് സംശയിക്കുന്നു.
ചെന്നൈ സ്വദേശി ബഷീര്‍ എന്നയാളുടെ പേരിലാണ് പിടികൂടിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. പണവുമായി ബന്ധപ്പെട്ട ഒരു രേഖയും വാഹനത്തിലുണ്ടായിരുന്നില്ല. പണവും കാറും കോടതിയില്‍ ഹാജരാക്കി.
എസ്‌ഐ ഗോപാലകൃഷ്ണ പിള്ളയ്ക്കു പുറമേ എഎസ്‌ഐ ടി പി മോഹന്‍ദാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ അഭിലാഷ്, കെ പ്രവീണ്‍, ഷെബീറലി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ജില്ലാ പോലിസ് മേധാവി കെ വിജയന്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗീസ്, നിലമ്പൂര്‍ സിഐ സി സജീവന്‍ എന്നിവരടങ്ങുന്ന പ്രതേ്യക സംഘമാണ് അതിര്‍ത്തി പരിശോധനകള്‍ക്കു നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it